LiveTV

Live

Kerala

ബി.ജെ.പി ഹര്‍ത്താലിന് മോശം പ്രതികരണം

കടയടപ്പിക്കാനും വാഹനം തടയാനും എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പലയിടത്തും നാട്ടുകാര്‍ തിരിച്ചയച്ചു.

ബി.ജെ.പി ഹര്‍ത്താലിന് മോശം പ്രതികരണം

സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മോശം പ്രതികരണം. നഗരപ്രദേശങ്ങളില്‍ ഹര്‍ത്താലിനെ ജനങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു. ഗ്രാമീണ മേഖലയിലും ഹര്‍ത്താല്‍ ബാധിച്ചില്ല. കടയടപ്പിക്കാനും വാഹനം തടയാനും എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പലയിടത്തും നാട്ടുകാര്‍ തിരിച്ചയച്ചു. പൊലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തി. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമര പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍ നടത്തുന്നത്. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയുടെ പമ്പ ബസുകള്‍ സര്‍വീസ് നടത്തി.

നഗരത്തില്‍ ഒട്ടോറിക്ഷകള്‍ പലതും സര്‍വീസ് നടത്തി. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറഞ്ഞു.

കൊച്ചിയില്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഹര്‍ത്താല്‍ ദിനത്തില്‍ അനുഭവിക്കേണ്ടി വന്നത്. അയ്യപ്പ ഭക്തരടക്കമുള്ളവര്‍ വിവിധയിടങ്ങളില്‍ വാഹനത്തിനായി കാത്തിരിക്കേണ്ടി വന്നു. ബി.ജെ.പി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പുലര്‍ച്ചെ ആക്രമണമുണ്ടായി. പാലക്കാട് ഡിപ്പോയിലെയും പെരിന്തല്‍മണ്ണ ഡിപ്പോയിലെയും ബസുകളുടെ ചില്ലുകളാണ് ബൈക്കിലെത്തിയ സംഘം തകര്‍ത്തത്.

കോഴിക്കോട് നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സി കോണ്‍വോയ് അടിസ്ഥാനതില്‍ ബാംഗ്ലൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക് പോലീസ് സുരക്ഷയില്‍ സര്‍വീസ് നടത്തി. രാവിലെ ചെലവൂരില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പതിവ് ഹര്‍ത്താലുകളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ ബി.ജെ.പി ഹര്‍ത്താലിനെ തള്ളിക്കളയുന്ന സാഹചര്യമാണ് ഇത്തവണയുണ്ടായത്.

ഇന്നലെ പുലർച്ചെ 2 മണിക്കാണ് മുട്ടട സ്വദേശി വേണുഗോപാലൻ നായർ സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച് കത്തിച്ച ഇയാൾ സമരപന്തലിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. വൈകുന്നേരത്തോടെ മെഡിക്കൽ കോളേജിൽ വച്ച് ഇയാൾ മരണപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹർത്താൽ.

ഈ മാസം ഇത് രണ്ടാം തവണയാണ് ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തത്. അതിനിടെ മരണപ്പെട്ടയാൾ സി.പി.എം പ്രവർത്തകനാണെന്ന ബി.ജെ.പിയുടെ ആരോപണത്തെ വേണുഗോപാലിന്റെ ബന്ധുക്കൾ തള്ളി. വേണുഗോപാൽ ആർ.എസ്.എസുകാരനാണെന്ന് സഹോദരി പുത്രൻ ബിനു മീഡിയവണിനോട് പറഞ്ഞു. അതിനിടെ ഡോക്ടർമാർക്ക് വേണുഗോപാൽ നൽകിയ മൊഴിയിൽ ശബരിമലയോ ബി.ജെ.പി സമരമോ പരാമർശിച്ചിട്ടില്ല. ജീവിതം തുടരാൻ താത്പര്യമില്ല എന്നു മാത്രമാണ് രേഖപ്പെടുത്തിയത്.

സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്കാണ് മാറ്റിയത്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വ്യാപാരികള്‍ പ്രതിഷേധിച്ചു

ഹര്‍ത്താലിനെതിരെ മലപ്പുറത്തും കോഴിക്കോടും വ്യാപാരികളുടെ പ്രതിഷേധം. മലപ്പുറം എടവണ്ണറപ്പാറയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അടച്ചിട്ട കടകള്‍ തുറന്നു. കോഴിക്കോട് മിഠായിതെരുവിലും വ്യാപാരികള്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.