LiveTV

Live

Kerala

‘വസ്തുതാപരമായ പിഴവ് ഏറ്റു പറയുന്നു, തിരുത്തുകയും ചെയ്യുന്നു’; പി.കെ ഫിറോസ്

പി.കെ ഫിറോസിന്റെ യുവജന യാത്രയിലെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിലെ പ്രസംഗത്തിലെ പിഴവിനെ ട്രോളിയും ആഘോഷിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്

‘വസ്തുതാപരമായ പിഴവ് ഏറ്റു പറയുന്നു, തിരുത്തുകയും ചെയ്യുന്നു’; പി.കെ ഫിറോസ്

മുസ്‍ലിം ലീഗിന്റെ യുവ നേതാവ് പി.കെ ഫിറോസിന്റെ യുവജന യാത്രയിലെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിലെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രസംഗത്തിലെ വസ്തുതാപരമായ പിഴവിനെ ട്രോളിയും ആഘോഷിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമൊക്കെയാണ് പി.കെ ഫിറോസ് ആവേശത്തോടെ പ്രസംഗിച്ചത്. ഇതിനുള്ള പ്രതികരണമെന്നുള്ള രൂപത്തിലാണ് പി.കെ ഫിറോസ് ഫേസ്ബുക്കില്‍ തെറ്റ് അംഗീകരിച്ച് തിരുത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നെഹ്റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭർത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളർത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാൻ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്’; പി.കെ ഫിറോസ് കുറിച്ചു. പ്രസംഗത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്ന പിഴവും തിരുത്തുന്നുണ്ട് പോസ്റ്റില്‍. ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീ പെരുംപത്തൂർ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്’.

പ്രസംഗത്തിലെ ആഘോഷമാക്കാത്ത വേറൊരു പിഴവ് കൂടി ചൂണ്ടി കാണിക്കുന്നുണ്ട് പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍. ‘പ്രസംഗത്തിൽ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എൽ.എ ആക്കിയതും. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്’; പി.കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

Also read: മഹാത്മാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പി.കെ ഫിറോസിന്റെ അബദ്ധം ‘ആഘോഷമാക്കി’ സോഷ്യല്‍മീഡിയ

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാൻ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭർത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളർത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാൻ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീ പെരുംപത്തൂർ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്.

തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു.

പ്രസംഗത്തിൽ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എൽ.എ ആക്കിയതും. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്.

യുവജന യാത്രയിൽ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും സഖാക്കൾ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു.