കെ.എ.എസ്; സംസ്ഥാന സര്‍ക്കാര്‍ തന്നെ സംവരണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം
ഭൂരിഭാഗം തസ്തികകളില്‍ സംവരണം നല്‍കില്ലെന്ന തീരുമാനം പുന പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സംവരണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി സഭയില്‍ നുണ പറഞ്ഞു. ഭൂരിഭാഗം തസ്തികകളില്‍ സംവരണം നല്‍കില്ലെന്ന തീരുമാനം പുനപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. മൂന്ന് വിഭാഗങ്ങളുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ രണ്ടെണ്ണത്തില്‍ മാത്രമേ സംവരണം അനുവദിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. രണ്ടും മൂന്നും വിഭാഗങ്ങളിലെ നിയമനം തസ്തിക മാറ്റമാണെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം.
എന്നാല്‍ എല്ലാ വിഭാഗങ്ങളിലും നടക്കുന്നത് പുതിയ നിയമനമാണെന്നും അതിനാല്‍ സംവരണം നല്‍കണമെന്നുമാണ് ലോ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഇത് നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നില നില്ക്കുന്ന സംവരണ നയത്തെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ ടി എ അഹമ്മദ് കബീര്‍ പറഞ്ഞു.
പിന്നോക്ക വിഭാഗക്കാരെ മതില് പണിയാന്‍ മാത്രം മതിയെന്നും സംവരണത്തിന് വേണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്ന് എം.കെ മുനീര്‍ പരിഹസിച്ചു. ഈ വിഷയം അടിയന്തിരപ്രമേയമായി നിയമസഭയില്‍ കൊണ്ട് വരാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കിലും സഭ നേരത്തെ പിരിഞ്ഞതിനാല്‍ അത് ഒഴിവാക്കേണ്ടി വന്നു.