വഴിപാട് നാളികേരത്തിൽ വൻ കുറവ്; കരാറുകാർ ആശങ്കയിൽ
മുൻവർഷങ്ങളെ അപേക്ഷിച്ച് നാളികേരത്തിന്റെ അളവിൽ അഞ്ചിലൊന്ന് കുറവുണ്ടായതായി കരാറുകാർ പറയുന്നു.

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ് ഹോട്ടലുകളെയും ചെറുകിട കച്ചവടക്കാരെയും മാത്രമല്ല ബാധിച്ചിരിക്കുന്നത്. വഴിപാട് നാളികേരം വൻതുകക്ക് ലേലം വിളിച്ചവരും ഇത്തവണ ആശങ്കയിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് നാളികേരത്തിന്റെ അളവിൽ അഞ്ചിലൊന്ന് കുറവുണ്ടായതായി കരാറുകാർ പറയുന്നു.
സന്നിധാനത്തും പമ്പയിലും നാളികേരം വൻതുകക്ക് ലേലം വിളിച്ചവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഭക്തർ വഴിപാടായി നൽകുന്ന നാളികേരം കരാറുകാർ മൊത്തത്തിൽ എടുത്ത് കൊപ്രയാക്കിയ ശേഷം, വെളിച്ചെണ്ണ നിർമ്മാണത്തിന് തമിഴ്നാട്ടിലെ കാങ്കയത്തേക്കാണ് കൊണ്ടുപോകുന്നത്. തീർഥാടകരുടെ എണ്ണത്തിലുള്ള കുറവാണ് ഇവരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കാര്യമായ നഷ്ടമാണെന്ന് കരാറുകാർ പറയുന്നു.
മുൻ വർഷങ്ങളിൽ ഈ സമയത്ത് 10 ടൺ നാളികേരവുമായി അഞ്ച് ലോഡ് പോയിരുന്നത്, ഒരു ലോഡ് മാത്രമായി കുറഞ്ഞു. കരാറുകാർക്ക് പുറമേ ഇക്കാര്യം തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ സമീപ ദിവസങ്ങളിലുള്ള തീർത്ഥാടകരുടെ വർധനവിലാണ് ഇവരുടെ പ്രതീക്ഷ. അതുണ്ടായില്ലെങ്കിൽ ഭൂരിഭാഗം തൊഴിലാളികളെയും തിരിച്ചയാകേണ്ടി വരുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.