LiveTV

Live

Kerala

മാധ്യമ നിയന്ത്രണ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് ഉദ്ദേശം. കെ.സി ജോസഫിന്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മാധ്യമ നിയന്ത്രണ  സര്‍ക്കുലറില്‍ ഭേദഗതി  വരുത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മാധ്യമനിയന്ത്രണം ഏര്‍പ്പെടുത്തി പുറത്തിറക്കിയ സര്‍ക്കുലര്‍ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ഭേദഗതി വരുത്തുമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണം എടുക്കുന്നതിനടക്കം നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കാലുറുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷത്ത് നിന്ന് കെ.സി. ജോസഫാണ് സബ്മിഷനായി ഉന്നയിച്ചത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനല്ല, മറിച്ച് മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയെന്ന ഉദ്യേശത്തോടെയാണ സര്‍ക്കലുര്‍ ഇറക്കിയതെന്ന വിശദീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്.

ദൃശ്യ മാധ്യമങ്ങളും മറ്റും സജീവമായ ഇക്കാലത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും അവരെ സമീപിക്കേണ്ടിവരുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ എല്ലാവര്‍ക്കും സുഗമമായി ലഭിക്കുന്നതിന് മുന്‍കൂട്ടി എല്ലാവര്‍ക്കും അറിയിപ്പ് ലഭ്യമാക്കുക എന്ന ഒരു നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇക്കാര്യങ്ങളില്‍ ചില മാനദണ്ഡങ്ങള്‍ നേരത്തെ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എന്‍ട്രി പാസോ ഉള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കുമെന്നുെം, യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.