LiveTV

Live

Kerala

90 ലക്ഷത്തിന്‍റെ വൈരക്കല്ല് തട്ടിപ്പ് കേസില്‍ വൈദികന്‍ ഒളിവില്‍

താമരശ്ശേരി രൂപതയ്ക്ക് കീഴിലെ വികാരി ഫാദര്‍ ജോസഫ് പാംപ്ലാനി 90 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് കേസ്

90 ലക്ഷത്തിന്‍റെ വൈരക്കല്ല് തട്ടിപ്പ് കേസില്‍ വൈദികന്‍ ഒളിവില്‍

കോഴിക്കോട് തിരുവമ്പാടിയില്‍ വൈരക്കല്ല് കച്ചവടത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ വൈദികനെ ഇതുവരെ പിടികൂടാനായില്ല. താമരശ്ശേരി രൂപതയ്ക്ക് കീഴിലെ വികാരി ഫാദര്‍ ജോസഫ് പാംപ്ലാനി 90 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് കേസ്. എബ്രഹാം എന്ന ബേബിച്ചന്‍ പ്ലാത്തോട്ടത്തിലിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ വൈദികന്‍ ഒളിവില്‍ പോവുകയായിരുന്നു.

കണ്ണൂര്‍ ആലക്കോട് ഉദയഗിരിയില്‍ വൈരക്കല്‍ നിക്ഷേപമുണ്ടെന്നും ഇത് പുറത്തെടുത്ത് വില്‍പന നടത്താന്‍ സഹായിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നുമായിരുന്നു തിരുവമ്പാടി സ്വദേശി ബേബിച്ചന്‍ പ്ലാത്തോട്ടത്തിലിന് വൈദികനും സഹോദരനും നല്‍കിയ വാഗ്ദാനം. 2014ല്‍ തിരുവമ്പാടി പുന്നക്കല്‍ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരിയായിരിക്കെയാണ് ഫാദര്‍ ജോസഫ് പാംപ്ലാനിയും സഹോദരന്‍ സെബാസ്റ്റ്യന്‍ എബ്രഹാമും തട്ടിപ്പ് നടത്തിയത്. 25 കോടി രൂപ നല്കാമെന്ന് വാഗ്ദാനം നല്കി പല ഘട്ടങ്ങളിലായി 89.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിക്കാരന്‍ പറയുന്നു.

പണം തിരികെ നല്‍കാന്‍ നടപടി ആവശ്യപ്പെട്ട് താമരശ്ശേരി രൂപത അദ്ധ്യക്ഷന്‍ റെമിജിയോസ് ഇഞ്ചനാനിയലിനെയും പരാതിക്കാരന്‍ സമീപിച്ചിരുന്നു. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയി. കോഴിക്കോട് സെഷന്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വാസികള്‍ രംഗത്തെത്തിയതോടെ വൈദികനെ ചുമതലകളില്‍ നിന്ന് രൂപത മാറ്റി നിര്‍ത്തിയിട്ടുണ്ട്.