വാഹനപരിശോധന കണ്ട് വാഹനം വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
വീഴ്ചയിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും..

പോലീസിൻ്റെ വാഹനപരിശോധനക്കിടെ കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. മണലുവട്ടം സ്വദേശി റഷീദ് ആണ് മരിച്ചത്. പൊലീസിനെ കണ്ട് വാഹനം വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കാറിലിടിച്ചാണ് റഷീദ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്.
ദർഭകാടിന് സമീപം കടയ്ക്കലിൽ എസ്.ഐ അജുകുമാറിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞിരത്തിൻമൂട് ഭാഗത്തു നിന്ന് ബൈക്കിൽ വരികയായിരുന്നു റഷീദ്. പോലീസ് വാഹന പരിശോധന നടത്തുന്നത് കണ്ട് പെട്ടെന്ന് റോഡിൽ നിന്ന് ബൈക്ക് വെട്ടിച്ച് തിരിക്കുകയായിരുന്നു. വെട്ടിച്ച ബൈക്ക് പിറകിൽ നിന്ന് വന്ന കാറിൽ ഇടിക്കുകയും ബൈകിന് പിറകിൽ യാത്രചെയ്തിരുന്ന റഷീദ് കാറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 3 മണിയോടെ റഷീദ് മരിച്ചു. രണ്ടു ദിവസം മുമ്പും ഇവിടെ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകടമുണ്ടായിരുന്നു.
പൊലീസ് കാറിന് പെട്ടെന്ന് കൈ കാണിക്കുകയും കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് പിന്നിൽ നിന്ന് വന്ന ബെെക് കാറിൻ്റെ പിന്നിലിടിക്കുകയായിരുന്നു, അപകടത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.