LiveTV

Live

Kerala

കാര്‍ത്തികേയന്‍ ഭാര്യ രേഖയെയും കൂട്ടി ആഴക്കടലിലേക്കിറങ്ങിയതിന് പിന്നിലെ കഥ

ആഴക്കടൽ മത്സ്യബന്ധനത്തിന് ഇന്ത്യയിൽ ലൈസൻസ് നേടിയ ആദ്യവനിത രേഖ കാര്‍ത്തികേയന്‍ മീഡിയവണിനോട് സംസാരിക്കുന്നു

കാര്‍ത്തികേയന്‍ ഭാര്യ രേഖയെയും കൂട്ടി ആഴക്കടലിലേക്കിറങ്ങിയതിന് പിന്നിലെ കഥ

പുരുഷന്‍ എത്തുന്ന എല്ലാ മേഖലകളും കൈയടക്കാന്‍ സ്ത്രീകള്‍ക്കാവുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടിയാകുകയാണ് തൃശൂര്‍ സ്വദേശി രേഖ. ആഴക്കടൽ മത്സ്യബന്ധനത്തിന് ഇന്ത്യയിൽ ലൈസൻസ് നേടിയ ആദ്യവനിതയായി ചരിത്രത്തില്‍ അടയാളപ്പെട്ടിരിക്കയാണ് നാലു പെണ്‍കുട്ടികളുടെ ഈ അമ്മ.

ചേറ്റുവ സ്വദേശി കാര്‍ത്തികേയന്‍ ഭാര്യ രേഖയെയും കൂട്ടി ആഴകടല്‍ മത്സ്യബന്ധനത്തിനിറങ്ങിയതിന് പിന്നില്‍ ഒരു കാരണമുണ്ട്.. പക്ഷേ അന്നത് ചരിത്രത്തിലേക്കുള്ള ഒരു നടത്തമാണെന്ന് കാര്‍ത്തികേയനോ രേഖയോ അറിഞ്ഞിരുന്നില്ല.

കാര്‍ത്തികേയന്‍ ഭാര്യ രേഖയെയും കൂട്ടി ആഴക്കടലിലേക്കിറങ്ങിയതിന് പിന്നിലെ കഥ

വളര്‍ന്നുവരുന്ന നാലു പെണ്‍മക്കള്‍... പണിപൂര്‍ത്തിയാകാത്ത വീട്... ഒരു ചെറുവഞ്ചിയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നു കാര്‍ത്തികേയന്‍. ആ സമയങ്ങളിലെല്ലാം വല അഴിക്കാനും പിടിക്കാനും സഹായിക്കുമായിരുന്നു രേഖ.. മീന്‍ പിടുത്തത്തിലുള്ള പരിചയം അതുമാത്രം.... സഹായത്തിന് ആളില്ലാതെ കടലില്‍ പോക്ക് നടക്കില്ല.. ഒരുദിവസം വഞ്ചിയില്‍ കൂടെവരുന്ന ആള്‍ പിന്നെ വരില്ല.. ഇത് പല ദിവസം ആവര്‍ത്തിച്ചപ്പോള്‍ കുടുംബത്തിന്റെ ഉള്ള സാമ്പത്തികതാളം പോലും തെറ്റുമെന്നായപ്പോള്‍, രേഖയാണ് ആ തീരുമാനം പറഞ്ഞത്, ''ഞാനും കൂടി പോന്നാലോ,'' ''പോന്നോളു'' എന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല കാര്‍ത്തികേയന്.

ഭര്‍ത്താവിന്റെ കൂടെ ആഴക്കടലിലേക്ക് പോകുക എന്നത് താന്‍ ആലോചിച്ച് എടുത്ത തീരുമാനം തന്നെയായിരുന്നുവെന്ന് പറയുന്നു രേഖ. മക്കളെ വളര്‍ത്താന്‍ ഭര്‍ത്താവ് മാത്രം ഇങ്ങനെ കഷ്ടപ്പെട്ടാല്‍ പോരായെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നു. അതാണ് കൂടെക്കൂടാന്‍ പ്രേരണയായത്- രേഖ പറയുന്നു.

കാര്‍ത്തികേയന്‍ ഭാര്യ രേഖയെയും കൂട്ടി ആഴക്കടലിലേക്കിറങ്ങിയതിന് പിന്നിലെ കഥ

''ചിലപ്പോള്‍ കൈനിറയെ മീന്‍ കിട്ടും, ചിലപ്പോള്‍ ഒന്നും ഉണ്ടാവില്ല. കടല്‍പന്നികള്‍ വല മുറിച്ചിടുന്ന ദുരിതം വേറെയും, അവ മീനും തിന്നും വലയും മുറിക്കും... അപ്പോഴും അടുത്ത ദിവസം പണിക്ക് പോകാന്‍ പറ്റില്ല. അത് കോര്‍ത്തെടുക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ഇരുന്നാല്‍ പറ്റില്ല, സഹായത്തിന് ആളെ വിളിക്കണം... അവര്‍ക്ക് അതിനുള്ള കൂലി കൊടുക്കണം..'' രേഖ ജീവിത പ്രാരാബ്ധങ്ങള്‍ പറയുന്നു.

''ഓരോ മീനിനും ഓരോ വലയാണ്. അയലപ്പണിക്ക് പോകുമ്പോ അതിന്റെ വല. ആ വല എറിയുമ്പോള്‍ അതില്‍ അയല കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കും. നമ്മള് കൊണ്ടു പോകണ വല നിറയെ മീന്‍ കിട്ടിയാല്‍ സന്തോഷം'' - മീന്‍ പിടിത്തത്തിനിടയിലെ സന്തോഷങ്ങള്‍ രേഖ പങ്കുവെക്കുന്നു.

കാര്‍ത്തികേയന്‍ ഭാര്യ രേഖയെയും കൂട്ടി ആഴക്കടലിലേക്കിറങ്ങിയതിന് പിന്നിലെ കഥ

''ലൈസന്‍സ് കൂടി കിട്ടിയതോടെ ഇപ്പോള്‍ ധീരവനിതയായി, മക്കള്‍ക്കും അതുകൊണ്ടുതന്നെ അഭിമാനമുണ്ട്... നേരത്തെ അതല്ലായിരുന്നു അവസ്ഥ.. പരിഹാസങ്ങളുണ്ടായിരുന്നു... പക്ഷേ ആരും നേരിട്ട് ആരും ഒന്നും പറഞ്ഞിട്ടില്ല... നമ്മള് അധ്വാനിച്ചിട്ടാണ് ജീവിക്കുന്നത്. ആരുടെ മൊതലും കക്കാന്‍പോയിട്ടില്ല.. കടല് കൈ നിറയെ മീന്‍ തന്നതുകൊണ്ട് പഴികളൊക്കെ ഇല്ലാതായി... ഇപ്പോള്‍ ആളുകളൊക്കെ തിരിച്ചറിയുന്നു... കൂടെ നിന്ന് സെല്‍ഫിയെടുക്കുന്നു.''- അഭിമാനം നിറയുന്നു രേഖയുടെ വാക്കുകളില്‍.

ഒരാഗ്രഹം കൂടിയുണ്ട് രേഖയ്ക്ക്... ഒരു പുതിയ ബോട്ട് വാങ്ങണം....