LiveTV

Live

Kerala

ശബരിമലക്ക് തന്നത് 100 കോടിയല്ല, 19 കോടി രൂപ; കണ്ണന്താനത്തെ തിരുത്തി തോമസ് ഐസക്

ഇന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വന്നതുപോലെയാണെങ്കില്‍ സംഘികള്‍ക്കും ചിരിക്കാനുള്ള വക കിട്ടും. ആരു വന്ന് ഏതു വിമര്‍ശനം ഉന്നയിച്ചാലും ഞങ്ങള്‍ക്കു പറയാനുള്ളതു പറയും. അതുറപ്പാണ്.

ശബരിമലക്ക് തന്നത് 100 കോടിയല്ല, 19 കോടി രൂപ; കണ്ണന്താനത്തെ തിരുത്തി തോമസ് ഐസക്

നൂറു കോടി രൂപ തന്നിട്ട് എന്തു ചെയ്തുവെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ശബരിമലക്ക് കേന്ദ്രസര്‍ക്കാര്‍ തന്നത് വെറും 19 കോടി രൂപ മാത്രമാണെന്ന് തോമസ് ഐസക് പറഞ്ഞു. 100 കോടി രൂപ അനുവദിച്ചു, എന്നാല്‍ അത് തന്നിട്ടില്ല. കേന്ദ്രം തന്നത് വെറും പത്തൊമ്പതു കോടി രൂപ മാത്രമാണ്. അക്കാര്യം ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ടെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശബരിമലയിലെ സമരത്തിന് നേതൃത്വം നല്‍കാന്‍ ഇനി കേന്ദ്രമന്ത്രിമാര്‍ വരുമത്രേ. അതുംപറഞ്ഞ് കേരള സര്‍ക്കാരിനെ ശ്രീധരന്‍ പിള്ള വെല്ലുവിളിയും നടത്തിയത്രേ. ശബരിമലയില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്നതു തടയാന്‍ കേന്ദ്രമന്ത്രിമാര്‍ വരുമെങ്കില്‍ എത്രയും വേഗം കൊണ്ടുവരാന്‍ ശ്രീധരന്‍ പിള്ള ഉത്സാഹിക്കണം. അതല്ല, ഇന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വന്നതുപോലെയാണെങ്കില്‍ സംഘികള്‍ക്കും ചിരിക്കാനുള്ള വക കിട്ടും. ആരു വന്ന് ഏതു വിമര്‍ശനം ഉന്നയിച്ചാലും ഞങ്ങള്‍ക്കു പറയാനുള്ളതു പറയും. അതുറപ്പാണ്.

കണ്ണന്താനത്തിന്റെ ഒന്നാമൂഴം കേമമായിരുന്നു. ശബരിമലയിലെ പ്രാഥമിക സൗകര്യങ്ങളുടെ സ്ഥിതിയെങ്ങനെയെന്ന് തമിഴ്‌നാട്ടില്‍ നിന്നു വന്ന ഭക്തരോടു ചോദിക്കുന്നതും അവരുടെ സംതൃപ്തി ബോധ്യപ്പെട്ട് ചോദ്യം തന്നെ അബദ്ധമായി എന്ന മട്ടില്‍ ജാള്യം മറയ്ക്കാന്‍ പാടുപെട്ട് കണ്ണന്താനം നിഷ്‌ക്രമിക്കുന്നതുമായ ഒരു വീഡിയോ കണ്ടു. അത്തരം സീനുകള്‍ സൃഷ്ടിക്കാന്‍ ഇനിയും കേന്ദ്രമന്ത്രിമാരെ നമുക്കു സ്വാഗതം ചെയ്യാം. സംഘര്‍ഷത്തിനിടയില്‍ മനസു തുറന്നു ചിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്!

ശബരിമലക്ക് തന്നത് 100 കോടിയല്ല, 19 കോടി രൂപ; കണ്ണന്താനത്തെ തിരുത്തി തോമസ് ഐസക്

തന്റെ വകുപ്പ് നൂറു കോടി രൂപ തന്നിട്ട് എന്തു ചെയ്തുവെന്ന കണ്ണന്താനത്തിന്റെ ചോദ്യവും അസലായി. നൂറു കോടി രൂപ തന്നിട്ടൊന്നുമില്ല. അനുവദിച്ചതേയുള്ളൂ. തന്നത് വെറും പത്തൊമ്പതു കോടി രൂപയാണ്. അതിന്റെ കാര്യം ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ട്.

കേന്ദ്ര ടൂറിസം സഹമന്ത്രിയുടെ അറിവിലേയ്ക്കായി ഒരു കാര്യം കൂടി പറയാം. ഈ ഇരുപതു കോടി രൂപയല്ല കേരള സര്‍ക്കാര്‍ ശബരിമലയ്ക്കു ചെലവാക്കിയത്. വാര്‍ഷികപദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അനുവദിച്ചത് 28 കോടി. പതിനൊന്നിനം പ്രവൃത്തികള്‍ക്കു വേണ്ടിയാണ് ഈ തുക. അതു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ, പ്രളയത്തില്‍ കേടുപാടു പറ്റിയ ശബരിമല റോഡുകള്‍ മുഴുവന്‍ പുനരുദ്ധരിക്കുന്നതിന് സീസണ്‍ തുടങ്ങുന്നതിനു മുമ്പ് അനുവദിച്ച 200 കോടി.

അതിനു പുറമെയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ച 150 കോടി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പമ്പയില്‍ 45 കോടി രൂപയുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റാണ്. നിലയ്ക്കലിലെ സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള 35 കോടി രൂപയുണ്ട്. എരുമേലി, റാന്നി, ചെങ്ങന്നൂര്‍ തുടങ്ങിയ ഇടത്താവളങ്ങളുടെ വികസനത്തിന് 50 കോടി രൂപ. അങ്ങനെ ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ ഒരു പദ്ധതിയുമായാണ് കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ശബരിമലക്ക് തന്നത് 100 കോടിയല്ല, 19 കോടി രൂപ; കണ്ണന്താനത്തെ തിരുത്തി തോമസ് ഐസക്

ശബരിമലയില്‍ വേണ്ടത്ര സൗകര്യങ്ങളില്ല എന്നു വിമര്‍ശിക്കുന്ന യുഡിഎഫ്, ബിജെപി നേതാക്കള്‍ പ്രളയകാലം മറന്നുപോയി എന്നു തോന്നുന്നു. പമ്പ വഴിമാറി ഒഴുകിയതും ശബരിമലയിലുണ്ടായ നാശനഷ്ടങ്ങളും ഇത്ര പെട്ടെന്ന് മറക്കുന്നതെങ്ങനെ? ഈ കെടുതികള്‍ മറികടന്ന് തീര്‍ത്ഥാടനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കീഴ്വഴക്കങ്ങള്‍ മാറ്റിവെച്ച് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് മൊത്തം പണിയും ചെയ്യാന്‍ കരാര്‍ കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈയൊരു സമീപനം തുടര്‍ന്നും സ്വീകരിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ ശബരിമലയില്‍ ചെയ്യാവുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃത മാസ്റ്റര്‍പ്ലാനില്‍ ഒതുങ്ങി നിന്നേ പറ്റൂ. കൂടുതല്‍ വനഭൂമി അനുവദിക്കില്ല എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിമിതിയ്ക്കുള്ളില്‍ നിന്ന് പ്രളയാനന്തര പുനരുദ്ധാരണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടത്തിയത്.

അതുകൊണ്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീര്‍ത്ഥാടകരില്‍ നിന്ന് ഉണ്ടാകാത്തത്. നിറചിരിയോടെ അവര്‍ പ്രകടിപ്പിച്ച സംതൃപ്തിയാണ് ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിനു ലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്.

ശബരിമലയിലെ സമരത്തിന് നേതൃത്വം നൽകാൻ ഇനി കേന്ദ്രമന്ത്രിമാർ വരുമത്രേ. അതുംപറഞ്ഞ് കേരള സർക്കാരിനെ ശ്രീധരൻ പിള്ള...

Posted by Dr.T.M Thomas Isaac on Monday, November 19, 2018