LiveTV

Live

Kerala

ശബരിമല യുവതീപ്രവേശം: സര്‍വകക്ഷിയോഗത്തിന്റേയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ 

പുനഃപരിശോധനയില്‍ അന്തിമ തീരുമാനം വരുന്നത് വരെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാവശ്യം ബി.ജെ.പിയും കോണ്‍ഗ്രസും മുന്നോട്ട് വെച്ചാല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

 ശബരിമല യുവതീപ്രവേശം: സര്‍വകക്ഷിയോഗത്തിന്റേയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍വ്വകക്ഷിയോഗത്തിന്‍റേയും, നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചന. വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കും. പുനഃപരിശോധനയില്‍ അന്തിമ തീരുമാനം വരുന്നത് വരെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാവശ്യം ബി.ജെ.പിയും കോണ്‍ഗ്രസും മുന്നോട്ട് വെച്ചാല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

സുപ്രീംകോടതിയില്‍ നിന്ന് എന്ത് തീരുമാനം വന്നാലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും, സ്ത്രീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്തുള്ള നിലപാട് ജൂഡീഷ്യറിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും പ്രതീക്ഷ. എന്നാല്‍ പുനഃപരിശോധനാഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ച കോടതി ഭരണഘടനബഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലെന്ന് പ്രത്യേകം വ്യക്തമാക്കിയതാണ് ഇനിയുണ്ടാകാന്‍ പോകുന്ന പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് വിധി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തായിരിക്കുമെന്ന നിലപാട് മന്ത്രി സ്വീകരിച്ചത്.

വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗത്തില്‍ വിശദീകരിച്ചേക്കും. എന്നാല്‍ കോടതിയുടെ അന്തിമ തീരുമാനം വരെ സര്‍ക്കാര്‍ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്നാവശ്യം ബി.ജെ.പിയും കോണ്‍ഗ്രസും മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുണ്ട്. പ്രതിഷേധങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്ന നിലപാടും ഉയര്‍ന്ന് വന്നേക്കും. ഇതിനോടെല്ലാം മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കും എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

നേരത്തെ നടതുറന്നത് കുറച്ച് ദിവസത്തേക്കായിരുന്നുവെങ്കില്‍ ഇനി നട തുറക്കുന്നത് രണ്ട് മാസത്തേക്കാണ് എന്നുള്ളതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. ഇത്രയും ദിവസം എങ്ങനെ സുരക്ഷയൊരുക്കുമെന്ന ആശങ്ക പൊലീസിനുമുണ്ട്. അതുകൊണ്ട് തന്നെ വിധിക്ക് മേല്‍ നിയമോപദേശം തേടി, സര്‍വ്വകക്ഷി യോഗത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് ശേഷമായിരിക്കും മണ്ഡലകാലത്തെ സ്തീപ്രവേശന കാര്യത്തില്‍ സര്‍‌ക്കാര്‍ അന്തിമതീരുമാനമെടുക്കാന്‍ സാധ്യതയുള്ളു.