LiveTV

Live

Kerala

കെ.ടി ജലീലിനെതിരെ യൂത്ത്‌ ലീഗ് ഉടന്‍ കോടതിയിലേക്കില്ല

മന്ത്രിയുടെ മുഴുവന്‍ പരിപാടികളിലും പ്രതിഷേധിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് നല്‍കി. മന്ത്രിയെ തടയാന്‍ യൂത്ത് കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.

കെ.ടി ജലീലിനെതിരെ യൂത്ത്‌ ലീഗ് ഉടന്‍ കോടതിയിലേക്കില്ല

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെതിരെ തിടുക്കത്തില്‍ കോടതിയെ സമീപിക്കേണ്ടന്ന് യൂത്ത്‌ ലീഗില്‍ തീരുമാനം. പി.കെ ഫിറോസ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് എടുക്കുന്ന നടപടിക്കനുസരിച്ചായിരിക്കും യൂത്ത് ലീഗ് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. മന്ത്രിയുടെ മുഴുവന്‍ പരിപാടികളിലും പ്രതിഷേധിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് നല്‍കി. മന്ത്രിയെ തടയാന്‍ യൂത്ത് കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.

ആരോപണങ്ങളോടുള്ള പ്രതികരണം ചോദിക്കുമ്പോഴെല്ലാം പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടേയെന്ന മറുപടിയാണ് മന്ത്രി കെടി ജലീലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കുന്നത്. ഇത് കെണിയാണെന്ന തിരിച്ചറിവ് യൂത്ത് ലീഗ് നേതൃത്വത്തിനുണ്ട്. നിലവിലെ നിയമ പ്രകാരം ഒരു മന്ത്രിക്കെതിരെ ആരെങ്കിലും വിജിലന്‍സിനെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുമതി കിട്ടിയതിന് ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കു. അനുമതി കിട്ടിയില്ലെങ്കില്‍ നടപടികളൊന്നും ഉണ്ടാവില്ലതാനും.

പി.കെ ഫിറോസ് നിലവില്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. 15 ദിവസമെങ്കിലും കാത്തിരുന്നതിന് ശേഷം നടപടികളില്ലെങ്കില്‍ അക്കാര്യം ചൂണ്ടികാട്ടി കോടതിയെ സമീപിക്കാമെന്നാണ് യൂത്ത് ലീഗ് കരുതുന്നത്. ഇപ്പോള്‍ കോടതിയെ സമീപിച്ചാല്‍ വിജിലന്‍സ് തുടര്‍ നടപടികളെടുക്കുന്നത് വരെ കാത്തിരാക്കാനാവും കോടതി നിര്‍ദ്ദേശിക്കുകയെന്ന നിയമോപദേശവും നേത്യത്വത്തിന് കിട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത് മന്ത്രി ജലീലിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.അതേസമയം മന്ത്രിയെ തടയുന്ന പ്രതിഷേധ പരിപാടികള്‍ കൂടുതല്‍ കനപ്പിക്കാനാണ് തീരുമാനം.

മന്ത്രിയെ വഴിയില്‍ തടയാന്‍ യൂത്ത് കോണ്‍ഗ്രസും തീരുമാനിച്ചു. കെടി ജലീലിന്റെ യാത്രയിലും, പരിപാടികളിലും കൂടുതല്‍ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.