LiveTV

Live

Kerala

കെ.എം ഷാജിയുടെ അയോഗ്യതക്ക് താത്കാലിക സ്റ്റേ

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം തേടിയാണ് കെ.എം ഷാജി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചത്.

കെ.എം ഷാജിയുടെ അയോഗ്യതക്ക് താത്കാലിക സ്റ്റേ

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുസ്‌ലിം ലീഗ് നേതാവിന്റെ വിജയം റദ്ദാക്കിയത്. കെ.എം ഷാജിക്ക് 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. 14 ദിവസത്തേക്ക് ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി പിന്നീട് സ്‌റ്റേ ചെയ്തു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം തേടിയാണ് കെ.എം ഷാജി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജി വര്‍ഗീയ പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തെന്നായിരുന്നു നികേഷ് കുമാറിന്‍റെ പരാതി. അമുസ്‍ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്‍ലിം വീടുകളില്‍ പ്രചാരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും നികേഷ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 50000 രൂപ നികേഷിന് കോടതിച്ചെലവ് നൽകാൻ കെ.എം ഷാജിക്ക് കോടതി നിർദേശം നൽകി.

Also read: കെ.എം ഷാജിയുടെ വര്‍ഗീയ പ്രചാരണം: കോടതിയിലെത്തിയ തെളിവുകള്‍ ഇവയാണ്..

2016ൽ നികേഷ് നൽകിയ ഹർജിയില്‍ ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്. വര്‍ഗീയ ഉള്ളടക്കമുള്ള ലഘുലേഖ പ്രചരിപ്പിച്ച് വോട്ടർമാരെ സ്വാധീനിച്ചുവെന്ന് കോടതി കണ്ടെത്തി. വരണാധികാരിയുടേയും വോട്ടർമാരുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്. നികേഷ് ബാർ ഉടമകളിൽ നിന്ന് പണം പറ്റിയെന്നും പ്രചാരണം നടത്തിയിരുന്നു. സോളാര്‍ കേസിലെ പ്രതിയായ സരിതയുമായി നികേഷിന് ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തല്‍.

Also read: കെ.എം ഷാജി അയോഗ്യന്‍: നികേഷ് കുമാറിന്‍റെ പ്രതികരണമിങ്ങനെ..

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കെ.എം ഷാജിയുടെ തീരുമാനം. അതുവരെ തന്‍റെ അയോഗ്യത സ്റ്റേ ചെയ്യണമെന്നാണ് കെ.എം ഷാജി കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്. അതേസമയം ഷാജിക്ക് ആശ്വസിക്കാന്‍ വകയില്ലെന്ന് സി.പി.എം പ്രതികരിച്ചു. സ്റ്റേ താത്കാലിക നടപടി മാത്രമാണെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.