LiveTV

Live

Kerala

ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചാല്‍ അഴീക്കോട് ഒരിക്കല്‍ കൂടി കടുത്ത പോരാട്ടം

എം.വി നികേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടിക്കുളളിലുണ്ടായ അതൃപ്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലം നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്നായിരുന്നു സി.പി.എമ്മിന്റെ കണ്ടെത്തല്‍.

ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചാല്‍ അഴീക്കോട് ഒരിക്കല്‍ കൂടി കടുത്ത പോരാട്ടം

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചാല്‍ അഴീക്കോട് ഒരിക്കല്‍ കൂടി കടുത്ത പോരാട്ടത്തിന് വേദിയാകും. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം ഇരുമുന്നണികള്‍ക്ക് മുന്നിലും വെല്ലുവിളികള്‍ ഏറെയാണ്.

കെ.എം ഷാജിയുടെയും എം.വി നികേഷ് കുമാറിന്റെയും സ്ഥാനാര്‍ത്ഥിത്വം തന്നെയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോടിനെ ശ്രദ്ധേയമാക്കിയത്. ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചാല്‍ അഴീക്കോട് വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. എന്നാല്‍ ഇരുമുന്നണികള്‍ക്ക് മുന്നിലും അഴീക്കോട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിരവധിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണായകം തന്നെയാണ് ഇതില്‍ പ്രധാനം.

എം.വി നികേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടിക്കുളളിലുണ്ടായ അതൃപ്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലം നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്നായിരുന്നു സി.പി.എമ്മിന്റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ നികേഷിനെ വീണ്ടും മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ എല്‍.ഡി.എഫിന് രണ്ട് വട്ടം ആലോചിക്കണ്ടിവരും. അങ്ങനെയെങ്കില്‍ മുന്‍ എം.എല്‍.എ കൂടിയായ എം പ്രകാശനായിരിക്കും നറുക്ക് വീഴുക.

എന്നാല്‍ സി.പി.എം ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇപ്പോഴും നികേഷുമായി അടുത്ത ബന്ധമുണ്ട്. ഇത് നികേഷിന് എത്രത്തോളം അനുകൂലമാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. കെ.എം ഷാജിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാവും മുസ്ലീം ലീഗിനു മുന്നിലുളള പ്രധാന വെല്ലുവിളി. അഴീക്കോട് ലീഗില്‍ നിന്നും തിരിച്ച് പിടിക്കണമെന്ന ചര്‍ച്ച ഏറെ കാലമായി കോണ്‍ഗ്രസിനുളളിലുണ്ട്. അതുകൊണ്ട് തന്നെ ലീഗിനുളളിലെ സ്ഥാനാര്‍ത്ഥി പ്രതിസന്ധി മുതലെടുത്ത് മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കാനുളള സാധ്യതയും ഏറെയാണ്. എന്തായാലും ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ അഴീക്കോട് ഇരുമുന്നണികള്‍ക്കും ഈസി വാക്ക് ഓവറാകില്ല എന്നുറപ്പ്.