LiveTV

Live

Kerala

ആത്മഹത്യയുടെ മുന്നില്‍ നിന്നും പ്രവാസ ലോകത്തേക്ക് താജുദ്ദീൻ...

താജുദ്ദീന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ പോരാട്ടവഴികളെപ്പറ്റി ടി.വി ഇബ്രാഹിം എം.എല്‍.എയുടെ അഡീഷണല്‍ പി.എ ഷാഹുല്‍ ഹമീദ് മണ്ണാര്‍ക്കാട് എഴുതുന്നു.

ആത്മഹത്യയുടെ മുന്നില്‍ നിന്നും പ്രവാസ ലോകത്തേക്ക് താജുദ്ദീൻ...

ഓഗസ്റ്റ് മാസം മൂന്നാം തിയതി രാവിലെ 11 മണിക്ക് ഒരു ഫോൺ "ഷാഹുല്‍ക്കാ ഞാൻ കണ്ണൂരില്‍ നിന്നാണ്. എന്റെ ബാപ്പാനെ കള്ള കേസില്‍ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നു. ഒരുപാട്‌ ആളുകളുടെ മുന്നില്‍ പോയി ആരും സഹായിച്ചില്ല. കോടതി ജാമ്യാപേക്ഷകൾ നിരസിക്കുന്നു. ഞങ്ങളെ സഹായിക്കണം." 19 വയസ്സായ താജുദ്ദീന്റെ മകന്‍ കരഞ്ഞു കൊണ്ടാണ് വിളിച്ചത്. രണ്ട് വർഷങ്ങൾക്ക് മുമ്പ്‌ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആര്‍മി റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട് എന്റെ നമ്പര്‍ സോഷ്യൽ മീഡിയയില്‍ നിന്ന് കിട്ടിയിരുന്നു. എന്റെ ഫേസ്ബുക്ക് സുഹൃത്തു കൂടിയാണ്.

എല്ലാ വിവരങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. ഉടൻ ചക്കരക്കല്ല് എസ്.ഐയുടെ നമ്പറിലേക്ക് വിളിച്ചു. ഞാൻ ടി വി ഇബ്രാഹിം എം.എല്‍.എ യുടെ അഡീഷണല്‍ പി.എ ആണെന്നും താജുദ്ദീന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അറിയാനാണ് വിളിച്ചതും എന്നും പറഞ്ഞു. എസ്.ഐ ബിജു കാര്യങ്ങൾ വിശദീകരിച്ചു. "താജുദ്ദീൻ എന്നയാൾ ചക്കരക്കല്ല് പ്രദേശത്തെ ഒരു സ്ത്രീയുടെ അഞ്ചര പവന്‍ തൂക്കം വരുന്ന ഒരു മാല സ്കൂട്ടറിൽ വന്ന് പൊട്ടിച്ചു പോയെന്നും. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണന്നും സംഭവ സ്ഥലത്തു നിന്നും കിട്ടിയ അറുപതോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ ഇയാൾ തന്നെ പ്രതി എന്ന് പോലീസിന് മനസ്സിലായെന്നും, ഇയാളുടെ മക്കളും ഭാര്യയും ഫോട്ടോ തിരിച്ചറിഞ്ഞെന്നും പറഞ്ഞു " വീണ്ടും താജുദ്ദീന്റെ മകനെ വിളിച്ചു സംസാരിച്ചു ഭാര്യയോടും മക്കളോടും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.. കരച്ചിലിനിടയിൽ പലതും മനസ്സിലായില്ല. താജുദ്ദീന് അബദ്ധം പറ്റിക്കാണുമോ എന്ന സംശയം എന്നിലും ഉണ്ടായി.

സംശയം തീർക്കാൻ വീണ്ടും എസ്.ഐയെ വിളിച്ചു. "ഉത്തരവാദിത്ത സ്ഥാനത്തില്‍ ഇരിക്കുന്ന നിങ്ങളെപ്പോലുള്ള ആളുകൾ ഇതുപോലെയുള്ള കേസുകളില്‍ ബന്ധപ്പെട്ടാൽ മോശമാണെന്നും ഇയാൾ തന്നെയാണ് പ്രതിയെന്ന് എസ്.ഐ ഉറപ്പിച്ച് പറഞ്ഞു. മറ്റു കേസുകളിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് ആവര്‍ത്തിച്ചു. തൊണ്ടി മുതൽ കിട്ടിയോ? കൃത്യം നടത്തിയ വാഹനം കിട്ടിയോ? ഫോൺ ലൊക്കേഷനുകൾ നോക്കിയോ? എല്ലാം പരിശോധിച്ചു. തൊണ്ടി മുതലും വാഹനവും ഉടൻ കണ്ടെടുക്കും. അപ്പോൾ ഞാനും താജുദ്ദീന് തെറ്റ് പറ്റിയെന്ന് തീരുമാനിച്ചു. എന്നാൽ ആ മക്കളുടെ കണ്ണീരോടെയുള്ള വിളി കേട്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല. നിക്കാഹ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന ഈ സംഭവം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി.

വെറും മൂന്നു ദിവസം മാത്രം പരിചയമുള്ള തന്റെ മകളുടെ ബന്ധു വീട്ടുകാർ (ഭർത്താവിന്റെ കുടുംബം) ഒരു നിമിഷം സംശയിച്ചു. താൻ നിക്കാഹ് കഴിച്ച പെണ്ണിന്റെ ഉപ്പ ഒരു കള്ളന്‍ എന്ന് നാട്ടുകാരും പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നു. ആ കുടുംബത്തിന് ഒരുപാട്‌ ചോദ്യങ്ങൾക്ക് മുന്നില്‍ ഉത്തരം കിട്ടാതെ നിസ്സഹായയായി നില്‍ക്കേണ്ടി വന്നു. ഏതൊരാളുടെയും സ്വപ്നമാണ് വിവാഹം.. ആ യുവാവിന് വീട്ടുകാരുടെയും ബന്ധുക്കളുടേയും കൂട്ടുകാരുടെയും നാട്ടുകാരുടേയും സംശയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും ഉത്തരം കിട്ടിയില്ല.. ഞാൻ അയാളെ വിളിച്ചു.. സമാധാനപ്പെടുത്തി. കൂടെ ഉണ്ടാവുമെന്ന് വാക്ക് കൊടുത്തു. തന്റെ ഭാര്യയുടെ ഉപ്പയെ ആദ്യമായി ജയിലില്‍ വെച്ച് കാണേണ്ടി വന്ന കരളലിയിപ്പിക്കുന്ന കഥ ആ യുവാവ് പറഞ്ഞപ്പോൾ മനസ്സൊന്നു പിടഞ്ഞു... സത്യം തേടി ഇറങ്ങാന്‍ തീരുമാനിച്ചു. എങ്കിലും താജുദ്ദീന് അബദ്ധം പറ്റിക്കാണുമോ എന്നൊരു ചോദ്യം മനസ്സിൽ എപ്പോഴും ചോദിക്കുന്നുണ്ടായിരുന്നു.

ടി.വി ഇബ്രാഹിം എം.എല്‍.എയും ഷാഹുല്‍ ഹമീദും താജുദ്ദീനും കുടുംബത്തിനുമൊപ്പം
ടി.വി ഇബ്രാഹിം എം.എല്‍.എയും ഷാഹുല്‍ ഹമീദും താജുദ്ദീനും കുടുംബത്തിനുമൊപ്പം

വിഷയം എന്റെ എം.എല്‍.എ ടി.വി ഇബ്രാഹിം സാറിന്റെ മുന്നില്‍ അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് ഒരു കത്തു കൊടുക്കാം എന്ന് പറഞ്ഞു. ഞാനും എം.എല്‍.എയും മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയി വിശദമായി കാര്യങ്ങൾ പറഞ്ഞു. അന്വേഷിക്കാം എന്ന മറുപടിയും കിട്ടി.

താജുദ്ദീന്റെ മക്കളോടും ഭാര്യയോടും ഒരു പത്ര സമ്മേളനം നടത്താന്‍ ആവശ്യപ്പെട്ടതിൻ പ്രകാരം വാര്‍ത്ത സമ്മേളനം നടത്തി. എന്നാൽ പോലീസ് ഭാഷ്യം കേട്ട മാധ്യമ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. പലരും പോലീസിന്റെ വാക്കുകള്‍ക്ക് വില കൊടുത്തു. (പോലീസ് പറയുന്നത് കേട്ടാല്‍ വിശ്വസിച്ചു പോവും). കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ ഈ കുടുംബം കയറി ഇറങ്ങി. ആരും സഹായിച്ചില്ല. തന്റെ മകളുടെ ഭർത്താവും അവരുടെ വീട്ടുകാരും പൂർണ്ണ പിന്തുണയോടെ ഈ കുടുംബത്തോടൊപ്പം നിന്നു. പിന്നെ ഒരു പരിചയവുമില്ലാത്ത അസ്‍ലം, ഷമീം എന്നീ രണ്ട് സുഹൃത്തുക്കളും . അവസാനം 54 ദിവസത്തെ പീഡനത്തിന് ശേഷം ഹൈകോടതിയുടെ കര്‍ശന വ്യവസ്ഥയോടെ ജാമ്യം നേടി താജുദ്ദീൻ ജയിലില്‍ നിന്നും മോചിതനായി.

ജയില്‍ മോചിതനായ ശേഷം താജുദ്ദീൻ എന്നെ ഫോണില്‍ വിളിച്ചു; "ഞങ്ങൾക്ക് ഇനി ജീവിക്കേണ്ട, ഒരു കള്ളനായി ജീവിക്കാൻ എനിക്ക് വയ്യ, ഞാൻ തെറ്റ് ചെയ്തിട്ടില്ല, എന്റെ വാക്കുകൾ ആരും വിശ്വസിക്കുന്നില്ല, എന്റെ മക്കളുടെ ഭാവി, എന്റെ നാട്ടുകാരും കൂട്ടുകാരും ആരും എന്നെ വിശ്വസിക്കുന്നില്ല... ഞാൻ കള്ളന്‍ അല്ല.. എന്റെ രണ്ടാം ക്ലാസിൽ പഠിക്കുന്ന മകന്‍ കള്ളന്റെ മകന്‍ എന്ന് കൂട്ടുകാർ വിളിച്ചതിന്റെ പേരില്‍ രണ്ടു മാസം സ്കൂളില്‍ പോയില്ല.. പ്ലസ് ടു കഴിഞ്ഞ മകന്‍ ഡിഗ്രിക്ക് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി കോളേജില്‍ അഡ്മിഷൻ കിട്ടിയിട്ട് പോവാന്‍ കഴിഞ്ഞില്ല.. അവന്‍ ഇപ്പോൾ വീട്ടില്‍ നിന്നും പുറത്ത്‌ ഇറങ്ങുന്നില്ല.. മകളുടെ ഭാവി.. എന്നും എന്നെ സംശയത്തോടെ ജനങ്ങൾ കാണും... ഞങ്ങൾ ഒരുപാട്‌ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളേയും കണ്ടു ആരും എന്റെ വാക്കുകൾ കേള്‍ക്കുന്നില്ല. ഞങ്ങളെ രക്ഷിക്കണം.. ഇല്ലങ്കിൽ ഞങ്ങൾ ആത്മഹത്യ ചെയ്യും, സഹായിക്കണം" കേട്ടാല്‍ ആരും കരഞ്ഞു പോവുന്ന നെഞ്ചില്‍ തട്ടിയ വാക്കുകൾ. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം. പിന്നെ ഒന്നും ചിന്തിച്ചില്ല "നിങ്ങൾ ഇന്ന് തന്നെ ഇങ്ങോട്ട് വരുക.. എന്നെ കൊണ്ട്‌ കഴിയുന്നത് ഞാൻ ചെയ്യാം" അവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

സെപ്തംബര്‍ 18 ന് രാവിലെ താജുദ്ദീനും കുടുംബവും തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലിൽ എത്തി. പിന്നീട് ആ ഞെട്ടിക്കുന്ന വേദനിക്കുന്ന സത്യം താജുദ്ദീൻ വിശദീകരിച്ചു. താജുദ്ദീന്റെ വാക്കുകളില്‍ നിന്നും,

"ഒരു പ്രവാസിയായ ഞാൻ ഇരുപത് വര്‍ഷമായി ഖത്തറിൽ ബിസിനസ് നടത്തിവരുന്നു. മകളുടെ നിക്കാഹിനും മകന്റെ ഉന്നത വിദ്യാഭ്യാസത്തിനുമായി പതിനഞ്ചു ദിവസത്തെ ലീവിന് ജൂൺ 25 നാണ് ഞാൻ നാട്ടില്‍ വരുന്നത്. ജൂലൈ 8നായിരുന്നു മകളുടെ നിക്കാഹ്. ജൂലൈ 10 ന് രാത്രി 1.30 ന് ഒരു സല്‍ക്കാരം കഴിഞ്ഞ് ഞാനും കുടുംബവും കാറില്‍ വരുമ്പോൾ ചക്കരക്കല്ല് എസ്.ഐ പി.ബിജുവും ഒരു സംഘം പോലീസുകാരും എന്നെ അറസ്റ്റ് ചെയതു. സമീപത്തു വെച്ചു നടന്ന ഒരു മാല പൊട്ടിച്ചത് ഞാനാണ് എന്ന് പറഞ്ഞായിരുന്നു എന്നെ പിടിച്ചു കൊണ്ട് പോയത്. പിന്നെ എസ്.ഐ എന്നെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും അസഭ്യം പറഞ്ഞു അപമാനിക്കുകയും ചെയതു. എന്റെ കുടുംബത്തെയും മക്കളെയും ഭീഷണിപ്പെടുത്തി എന്നെ കള്ളനായി ചിത്രീകരിച്ചു. അവസാനം അഞ്ചര പവന്റെ പൈസ കൊടുത്ത് കേസ് ഒതുക്കി തരാം എന്ന് പറഞ്ഞു. നിരപരാധിയായ ഞാൻ അതിനു വഴങ്ങിയില്ല. ഇതേ സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്ന ആളുടെ ബന്ധുവിന്റെ മാലയാണ് മോഷണം പോയത്. പിന്നീട് തെളിവെടുപ്പ് എന്ന് പറഞ്ഞു 5 സ്ത്രീകളുടെ അടുത്ത് കൊണ്ട് പോവുകയും അവര്‍ എന്നെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞു കോടതിയില്‍ ഹാജരാക്കി.. പിന്നീട് മറ്റൊരു പ്രദേശത്തെ മാല മോഷണ കേസിലും പ്രതിയാണെന്ന് പറഞ്ഞു ദൃശ്യ - പത്ര മീഡിയകളിൽ വാര്‍ത്ത നല്‍കി. എന്നാൽ നാളിതുവരെയായി മോഷ്ടിച്ചു എന്ന് പറയുന്ന തൊണ്ടി മുതലോ കൃത്യം നടത്താന്‍ ഉപയോഗിച്ച വാഹനമോ മറ്റു യാതൊരു തെളിവോ ശേഖരിക്കാന്‍ പോലീസിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. എന്റെ പാസ്‍പോര്‍ട്ട് കോടതിയിലാണ്.. എന്റെ ബിസിനസ്സ് തകർന്നു.. എന്റെ മക്കളുടെ ഭാവി, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ സ്കൂളില്‍ പോയിട്ട് 2 മാസമായി.. മൂത്ത മകനെ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കാൻ വെച്ച പണം പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ നല്‍കി.. മകന്റെ ഉന്നത വിദ്യാഭ്യാസം മുടങ്ങി. നാട്ടുകാരുടെ ഇടയില്‍ കള്ളനെന്ന പേര്.. എന്റെ ഭാര്യ, കുടുംബം, മക്കള്‍... ഞങ്ങൾ ആത്മഹത്യയുടെ വക്കിലാണ്.. ഞങ്ങൾക്ക് നീതി വേണം..." ഈ വാക്കുകൾ കേട്ട് അല്പനേരം സ്തംഭിച്ചു പോയി... ഈ സത്യം ജനങ്ങളെ അറിയിക്കാന്‍... താജുദ്ദീന്റെ നീതിക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചു.

വൈകുന്നേരം താജുദ്ദീന്റെ ഈ കാര്യങ്ങൾ വെച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ്. സി.സി.ടി.വി ഫോട്ടോയും താജുദ്ദീന്റെ ഫോട്ടോയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. വിഷയം സോഷ്യൽ മീഡിയകളിൽ ചര്‍ച്ചയായി. ബഹു. ടി വി ഇബ്രാഹിം എം.എല്‍.എ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി തിരുവനന്തപുരത്ത് എത്തി. അപ്പോഴേക്കും സി.സി.ടി.വിയിലെ രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ കോഴിക്കോട് നിന്നും ഒരാൾ അയച്ചു തന്നു. ഇയാളെ കുറിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും വടകര, മുക്കം, മങ്കട പോലീസ് സ്റ്റേഷനുകളിൽ കേസുള്ള ഇയാൾ നിരവധി സമാന കേസുകളില്‍ പ്രതിയാണെന്ന് അറിഞ്ഞു. ഈ സ്റ്റേഷനുകളിലെ എസ് ഐ മാരെ ബന്ധപ്പെട്ട് ഇയാളുടെ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ഇയാളുടെ പേര് ഫേസ്‍ബുക്കില്‍ തിരഞ്ഞു. അതിൽ നിന്നും കിട്ടിയ ഒരു ഫോട്ടോയാണ് ഈ കേസിലെ നിര്‍ണായക തെളിവ് ആവുന്നത്. ഇയാളുടെ വലതു കൈയിലെ വളയും ഇടതു കൈയിലെ വാച്ചും തലയിലെ കഷണ്ടിയും സി.സി.ടി.വി ദൃശ്യത്തിലും വ്യക്തമായിരുന്നു.

അന്ന് രാത്രി സംഭവം നേരിട്ട് കണ്ട നിസാമുദ്ദീന്‍ എന്നയാൾ ഒമാനിൽ നിന്നും എന്നെ വിളിച്ചു. "സംഭവം നടക്കുന്ന സമയം ഞാൻ എന്റെ വീട് പണി ആവശ്യാര്‍ത്ഥം വീടിന് പുറത്തു ജോലിക്കാരുമായി നില്‍ക്കുമ്പോള്‍ ഒരു തടിച്ചു കഷണ്ടിയുള്ള ആൾ സ്കൂട്ടറിൽ പോവുകയും അല്പനേരം കഴിഞ്ഞു തിരിച്ചു വരുകയും ചെയതു. കുറച്ചു കഴിഞ്ഞു കുറച്ചു ചെറുപ്പക്കാര്‍ ബൈക്കില്‍ വന്ന് പറഞ്ഞു ഒരാൾ മാര പൊട്ടിച്ച് കടന്നു കളഞ്ഞെന്ന് പറഞ്ഞു. ഞാനും അവരോടൊപ്പം ഒരുപാട്‌ ദൂരം പോയി. മാല പോയ സ്ത്രീ എന്റെ ഭാര്യ വീടിന്റെ തൊട്ടടുത്ത വീടാണ്. പിന്നീട് താജുദ്ധീനെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ ഈ വിവരം ഞാൻ എസ് ഐ യോട് പറഞ്ഞു. ഇയാൾ അല്ല പ്രതി എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞിട്ടും എസ് ഐ ചെവി കൊണ്ടില്ല." താജുദ്ദീൻ നിരപരാധിയാണന്ന് ബോധ്യപ്പെടാന്‍ ഈ തെളിവ് തന്നെ ധാരാളമായിരുന്നു.

19 ന് രാവിലെ ടി.വി ഇബ്രാഹിം എം.എല്‍.എ യോടെപ്പം താജുദ്ദീനെയും കൂട്ടി ഡി.ജി.പിയെ കണ്ടു. തെളിവുകൾ ഓരോന്നായി ഡി ജി പിക്ക് മുന്നില്‍ വിശദീകരിച്ചു. സംഭവ സമയം താജുദ്ദീൻ മകളെയും കൂട്ടി ബ്യുട്ടീഷനെ കാണാൻ പോയതും അതിനു ശേഷം നിക്കാഹിനു പന്തല്‍ ബുക്ക് ചെയ്യാൻ പോയതും ഈ സമയം തന്റെ മൊബൈലിലേക്ക് ഫോൺ വന്നതും എല്ലാം.... ഉടന്‍ ഡി.ജി.പി ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത് ഐ.പി.എസ് നേതൃത്വത്തില്‍ സ്പെഷ്യൽ ഇന്‍വെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചു. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തു. എം.എല്‍.എ പത്ര സമ്മേളനം നടത്തി.

അടുത്ത ദിവസം ചക്കരക്കല്ല് എസ്.ഐയുടെ പത്രസമ്മേളനം. പോലീസിനെതിരെ സോഷ്യൽ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടു എന്ന് പറഞ്ഞു ഒരുപാട്‌ പേർക്കെതിരെ കേസെടുത്തിരിക്കുന്നു. എന്റെ പേരിലും കേസ്. താജുദ്ദീൻ തന്നെയാണ് പ്രതി.. പോലീസിന് തെറ്റുപറ്റിയിട്ടില്ല. കൂടുതൽ ദൃക്സാക്ഷികൾ മാധ്യമങ്ങള്‍ക്ക് മുന്നില്‍.. താജുദ്ധീന് അനുകൂലമായി വാർത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് സംശയം വീണ്ടും. താജുദ്ദീൻ തന്നെയാണോ പ്രതി? സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ഇട്ട ആളുകൾ പോസ്റ്റ് പിന്‍വലിച്ചു. എന്ത് പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍ തീരുമാനിച്ചു. എം.എല്‍.എയുടെ പൂര്‍ണ പിന്തുണ. താജുദ്ദീന്റെയും യാഥാര്‍ത്ഥ പ്രതിയുടെടെയും മൊബൈൽ ഫോൺ ലോക്കേഷൻ മറ്റു സാക്ഷികള്‍ എല്ലാം സംഘടിപ്പിച്ച് ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത് സാർ മുമ്പാകെ ടി.വി ഇബ്രാഹിം എം.എല്‍.എ താജുദ്ദീനെയും കുടുംബത്തേയും ഹാജരാക്കി മൊഴി എടുത്തു. 6 മണിക്കൂര്‍ നേരം മൊഴി രേഖപ്പെടുത്തി.

ഇരുപത്തഞ്ചു ദിവസം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നില്ല. ഒടുവില്‍ എം.എല്‍.എ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ടു. ഡി.ജി.പി ഉടൻ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 17 ന് എം.എല്‍.എ ഡി.ജി.പിയെ കാണുന്നു. പോലീസിന് വീഴ്ച്ച പറ്റി. താജുദ്ദീൻ നിരപരാധി... ചക്കരക്കല്ല് എസ്.ഐക്കെതിരെ നടപടി എടുക്കാൻ കണ്ണൂർ എസ്.പിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത 56000 രൂപയും പാസ്പോര്‍ട്ടും തിരിച്ചു കൊടുക്കാൻ നിര്‍ദേശം. മാധ്യമങ്ങളിലൂടെ ഈ സന്തോഷം ഞങ്ങൾ ലോകത്തെ അറിയിച്ചു.

ഒരു രണ്ടാം ജന്മം ആയിരുന്നു താജുദ്ദീൻ എന്ന മനുഷ്യന്. അത് വരെ കള്ളന്‍ എന്ന് മുദ്ര കുത്തിയ... നാട്ടുകാരെല്ലാം സംശയത്തോടെ കണ്ട ആ കുടുംബം സന്തോഷം കൊണ്ട്‌ പൊട്ടി കരഞ്ഞു. സുഹൃത്തുക്കളും നാട്ടുകാരും ഖേദപ്രകടനവുമായി വന്നു. സര്‍വ്വ ശക്തനായ സര്‍വ്വേശ്വരനോട് നന്ദി പറഞ്ഞ്‌ ഞാനും ഒരുപാട്‌ സന്തോഷിച്ചു. എന്നാൽ എസ് ഐ ക്ക് നടപടി ഉണ്ടായില്ല. വീണ്ടും ഇടപെടലുകള്‍ നടന്നു. പിന്നീട് മുസ്‍ലിം ലീഗ് കണ്ണൂർ ജില്ല കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ സങ്കടിപ്പിച്ചു. പിന്നീട് എസ്.ഐക്ക് പേരിനൊരു സ്ഥലം മാറ്റം. താജുദ്ദീന്റെ പണവും പാസ്പോര്‍ട്ടും കോടതിയില്‍ നിന്നും തിരിച്ചു കിട്ടി. ഇനി നീതിക്കായി ഉളള പോരാട്ടമാണ്.

ഈ കേസില്‍ ഇടപെടുമ്പോള്‍ താജുദ്ദീന്റെ അഭിമാനം സംരക്ഷിക്കുക എന്ന ഒരു ലക്ഷ്യമേ മനസ്സിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ സമൂഹത്തിന്‌ മുന്നില്‍ അപമാനിച്ച, കള്ളന്‍ എന്ന് മുദ്രകുത്തി പീഡിപ്പിച്ച പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുക. ഇയാള്‍ക്ക് നഷ്ടപ്പെട്ട അഭിമാനത്തിന് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി കൊടുക്കുക. ഈ കേസില്‍ ഇടപെട്ടത് മുതൽ ഒരുപാട്‌ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നു. പലരും പേടിപ്പിച്ചു. താജുദ്ദീൻ ഒരുപക്ഷേ കള്ളന്‍ ആണെങ്കിൽ എം.എല്‍.എ അപമാനിതനാവും എന്ന ഭീഷണി ചെറിയ ഒരു ഭയം ഉളവാക്കി. എങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഈ വിഷയം മാത്രമായിരുന്നു. എം.എല്‍.എ ടി.വി ഇബ്രാഹിം സാറിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട്‌ മാത്രമാണ് ഈ സത്യം പുറംലോകം അറിഞ്ഞത്. ഒരു നിരപരാധിയായ മനുഷ്യന്‍. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ. ഇത് കൊണ്ട്‌ അവസാനിക്കുന്നില്ല. താജുദ്ദീനെ കള്ള കേസില്‍ കുടുക്കിയ എസ്.ഐയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണം. അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി കൊടുക്കണം.