LiveTV

Live

Kerala

ബലിദാനികളെ സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ഇന്നലെ മുതല്‍ നവമാധ്യമങ്ങള്‍ വഴി ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു

ബലിദാനികളെ സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമമെന്ന് കടകംപള്ളി സുരേന്ദ്രന്‍

അയ്യപ്പ ഭക്തന്റെ മരണത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസ് നടപടിയില്‍ അല്ല ശിവദാസ് മരിച്ചത്. ബലിദാനികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേത്. ഇത് ജാഗ്രതയോടെ കാണണമെന്നും കടകംപള്ളി ആലപ്പുഴയില്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ഇന്നലെ മുതല്‍ നവമാധ്യമങ്ങള്‍ വഴി ബി.ജെ.പി വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആവശ്യം. പത്തനംതിട്ടയില്‍ കാണാതായ ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ശബരിമലയിലെ നിലയ്ക്കലില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ചാണ് ബി.ജെ.പി പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ നിലയ്ക്കലില്‍ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട - നിലയ്ക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. നിലയ്ക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലയ്ക്കല്‍ പമ്പ റൂട്ടിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.