LiveTV

Live

Kerala

സാലറി ചലഞ്ച്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

പ്രളയാനന്തര പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി

സാലറി ചലഞ്ച്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

സാലറി ചലഞ്ചില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹരജി ഈ മാസം 29 ന് കോടതി പരിഗണിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹൈക്കോടതി ഇത് ഇടക്കാല ഉത്തവിലൂടെ സ്റ്റേ ചെയ്തു. നിര്‍ബന്ധപൂര്‍വം സാലറി ചല‍ഞ്ചില്‍ പങ്കെടുക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടെരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. വിസമ്മത പത്രം ആവശ്യപ്പെടുന്നത് സാലറി ചലഞ്ചിന്റെ സുഗമമായ നടത്തിപ്പിനാണെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കി. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ജീവനക്കാരോട് നിര്‍ബന്ധപൂര്‍വം പറയുന്നില്ല.

എന്നാല്‍ ഈ വ്യവസ്ഥ അത്യാവശ്യമാണെന്നും വിസമ്മത പത്രം ആവശ്യപ്പെടുന്നത് സ്റ്റേ ചെയ്ത നടപടി മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിടണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സുപ്രിം കോടതി അംഗീകരിച്ചിട്ടുണ്ട്. ഈ മാസം 29 നാകും ഇത് സംബന്ധിച്ച ഹരജി കോടതി പരിഗണിക്കുന്നത്.