LiveTV

Live

Kerala

ശബരിമല സ്ത്രീപ്രവേശനം: സംഘ്പരിവാര്‍ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാന്‍ എല്‍.ഡി.എഫ് തീരുമാനം

എല്ലാ ജില്ലയിലും രാഷ്ട്രീയ വിശദീകരണ യോഗം വിളിക്കാന്‍ എല്‍.ഡി.എഫില്‍ ധാരണയായി. 16ന് തിരുവനന്തപുരത്ത് നടത്തുന്ന ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും

ശബരിമല സ്ത്രീപ്രവേശനം: സംഘ്പരിവാര്‍ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാന്‍ എല്‍.ഡി.എഫ് തീരുമാനം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിരോധം ശക്തമാക്കി ഇടത് മുന്നണി. എല്ലാ ജില്ലയിലും രാഷ്ട്രീയ വിശദീകരണ യോഗം വിളിക്കാന്‍ എല്‍.ഡി.എഫില്‍ ധാരണയായി. 16ന് തിരുവനന്തപുരത്ത് നടത്തുന്ന ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. സ്ത്രീപ്രവേശനത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കള്‍ വാക്പോര് തുടരുന്നതിനിടെയാണ് എല്‍.ഡി.എഫ് തീരുമാനം.

ശബരിമല വിധിയില്‍ വിശ്വാസികളുമായി സര്‍ക്കാര്‍ തര്‍ക്കത്തിനില്ലെന്ന് പറഞ്ഞാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചത്. ക്ഷേത്രത്തിലേക്ക് വരുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരുവിലിറങ്ങി സര്‍ക്കാറിനെ പുലഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല. വിശ്വാസികളെ രംഗത്തിറക്കി അമ്പലങ്ങളില്‍ പ്രശ്നമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമലയില്‍ സംഘർഷമുണ്ടായാൽ ഉത്തരവാദി സർക്കാര്‍ ആയിരിക്കുമെന്ന് കെപിസിസി വര്‍കിംഗ് പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സവർണ ബ്രാഹ്മണിക്കൽ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. അത് പൊളിഞ്ഞതാണ്. കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തെ സി.പി.എം പിന്തുണക്കുകയാണെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി.