LiveTV

Live

Kerala

സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയുണ്ടെങ്കിലും നിലവിലുള്ളതില്‍ കൂടുതല്‍ സുരക്ഷയോ സൌകര്യങ്ങളോ ഒരുക്കില്ലെന്ന് ദേവസ്വം അധ്യക്ഷന്‍

സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ലെന്ന് ദേവസ്വം  പ്രസിഡന്റ്

സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പദ്മകുമാര്‍. സ്ത്രീകള്‍ക്കായി നിലവിലുള്ളതില്‍ കൂടുതല്‍ സുരക്ഷയോ സൌകര്യങ്ങളോ ഒരുക്കില്ല. ഹൈക്കോടതി നിര്‍ദേശാനുസരണമായിരിക്കും തുടര്‍നടപടികളെന്നും അദ്ദേഹം അറിയിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീ സുരക്ഷക്കായി 18ആം പടിയിലടക്കം വനിതാ പൊലീസുകാരെ വിന്യസിക്കുമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സുരക്ഷയോ സൌകര്യമോ ഒരുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ദേവസ്വം ബോര്‍ഡ്. കൂടുതലെന്തെങ്കിലും ചെയ്യണമെങ്കില്‍ ഹൈക്കോടതി പറയണം. തന്ത്രി കുടുംബവുമായി ഇനിയും സമവായത്തിന് ശ്രമിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കായി എല്ലാ സൌകര്യവും ഒരുക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് കൂടുതല്‍ സൌകര്യങ്ങളുണ്ടാവില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്.