LiveTV

Live

Kerala

50ലധികം യുവതികളെ പറ്റിച്ച വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

മാനന്തവാടി സ്വദേശി ബിജു ആന്റണിയാണ് എറണാകുളം നോര്‍ത്ത് പോലീസിന്‍റെ പിടിയിലായത്.

50ലധികം യുവതികളെ പറ്റിച്ച വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

വിവാഹ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മാനന്തവാടി സ്വദേശി ബിജു ആന്റണിയാണ് എറണാകുളം നോര്‍ത്ത് പോലീസിന്‍റെ പിടിയിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

പുനർവിവാഹത്തിന് താത്പര്യമുണ്ടെന്ന് കാട്ടി പരസ്യം നൽകിയ ശേഷം യുവതികളുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നതായിരുന്നു ബിജുവിന്റെ രീതി. അടുപ്പത്തിലായ യുവതികളുടെ പേരിൽ എടുത്ത സിം കാർഡ് ആണ് ഇയാൾ പിന്നീട് പരസ്യം നൽകാനും മറ്റുള്ളവരെ വിളിക്കാനും ഉപയോഗിച്ചിരുന്നത്. മലപ്പുറം സ്വദേശിനിയുമായി അടുപ്പത്തിലായ ഇയാൾ കഴിഞ്ഞ മാസം വടുതലയിൽ വാടകക്ക് താമസം തുടങ്ങിയിരുന്നു. പിന്നീട് ഒരാഴ്ചക്കകം യുവതിയുടെ പണവും സ്വർണവുമായി മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

കൽപ്പറ്റ പോലീസിന്റെ സഹായത്തോടെ ഇന്നലെ പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2008 മുതൽ തട്ടിപ്പ് നടത്തിയിരുന്ന ബിജുവിനെതിരെ കുമ്പള, ചൊക്ലി, നടക്കാവ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം ആഡംബര ജീവിതം നയിച്ചു വന്നിരുന്ന ഇയാള്‍ 50ലധികം യുവതികളെ കെണിയില്‍ പെടുത്തിയതായാണ് പൊലീസ് പറയുന്നത്.