LiveTV

Live

Kerala

കാസര്‍കോട് കേന്ദ്ര കേരള സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

തീരുമാനം വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന്. പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ഇന്ന് ചര്‍ച്ച.

കാസര്‍കോട് കേന്ദ്ര കേരള സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

കേരള കേന്ദ്ര സർവ്വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. വിദ്യാർഥി സമരത്തെ തുടർന്നാണ് സർവ്വകലാശാല അടച്ചിട്ടത്. സർവ്വകലാശാലയിൽ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കാനിരിക്കെയാണ് സർവ്വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്.

സർവ്വകലാശാലയിൽ നിന്ന്പുറത്താക്കിയ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച അഖിലിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സർവ്വകലാശാല അധികൃതർക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ ശ്രമം. അഖിൽ ആത്മഹത്യാശ്രമം നടത്തിയ വിവരം അറിഞ്ഞതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. വി.സിയുടെ ഓഫീസ് വിദ്യാർഥികൾ ഉപരോധിച്ചു.

പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ രാത്രിയും ഓഫീസ് ഉപരോധിച്ചു. ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി ചർച്ച നടത്താമെന്ന് ഉറപ്പ് നൽകി. ഇതിനിടെ സർവ്വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണെന്ന് പ്രഖ്യാപനം വന്നു. പിന്നാലെ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നേത്യത്വത്തിൽ ആർ.എസ്.എസ് സംഘം സർവ്വകലാശാലയിലെത്തി. വിദ്യാർഥി പ്രതിഷേധത്തിനിടെ ഇവരുടെ നേതൃത്വത്തിൽ പ്രോ വി.സിയെ ഓഫീസിൽ നിന്നും ഇറക്കി. അഖിലിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.