LiveTV

Live

Kerala

ആശങ്കയുയര്‍ത്തി കേരള തീരത്ത് ന്യൂനമര്‍ദ്ദം; ഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യത

ഡാമുകളുടെ ജലനിരപ്പ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. 

ആശങ്കയുയര്‍ത്തി കേരള തീരത്ത് ന്യൂനമര്‍ദ്ദം; ഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യത

വീണ്ടും ആശങ്കയുയര്‍ത്തി കേരള തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡാമുകളുടെ ജലനിരപ്പ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു.

അറബിക്കടലിന് തെക്ക് കിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നത്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തൂകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും നാളെ മുതൽ ഏഴു വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ മധ്യകേരളത്തില്‍ 21 സെന്റിമീറ്ററിന് മുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അറബിക്കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളോട് സുരക്ഷിത തീരത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം. ഇനി അറിയിപ്പുണ്ടാകും വരെ മൂന്നാറിലേക്കുള്ള യാത്ര പാടില്ലെന്ന് വിലക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും തീരങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദ്ദേശിച്ചു.