LiveTV

Live

Kerala

റേഷന്‍ വിതരണം ഇന്നും തടസപ്പെട്ടു

ചൊവ്വാഴ്ച മുതലാണ് റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി തുടങ്ങിയത്. സര്‍വര്‍ പ്രശ്നമാണ് കാരണം. ഇന്നലെ വിതരണം പൂര്‍ണമായും തടസപ്പെട്ടു. 

റേഷന്‍ വിതരണം ഇന്നും തടസപ്പെട്ടു

സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും പ്രതിസന്ധിയില്‍. ഇ പോസ് മെഷിനുകള്‍ തകരാറിലായതാണ് റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് റേഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച മുതലാണ് റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി തുടങ്ങിയത്. സര്‍വര്‍ പ്രശ്നമാണ് കാരണം. ഇന്നലെ വിതരണം പൂര്‍ണമായും തടസപ്പെട്ടു. പലയിടങ്ങളിലും കാര്‍ഡുടമകള്‍ ഏറെ നേരം ക്യൂ നിന്ന് മടങ്ങിപ്പുോകുകയായിരുന്നു. ഇന്ന് രാവിലെയും ഇ പോസ് മെഷീന്‍ പണിമുടക്കി. എന്നാല്‍ പതിനൊന്ന് മണിയോടെ പ്രശ്നം പരിഹരിക്കപ്പെട്ടു.

സംസ്ഥാനത്ത് 14,375 റേഷന്‍ കടകളാണ് ഉള്ളത്. എന്നാല്‍ നിലവിലുള്ള സര്‍വറിന് എണ്ണായിരം കടകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളാനേ കഴിയൂ. ഇതാണ് ഇ പോസ് മെഷീനുകള്‍ പണി മുടക്കാന്‍ കാരണം. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ കടയുടമകള്‍ ബുധനാഴ്ച നാല് മണി മുതല്‍ 24 മണിക്കൂര്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. പുതിയ സര്‍വറിലേക്ക് വിവരങ്ങള്‍ മാറ്റാനുള്ള നടപടി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് കടക്കാരുടെ ആവശ്യം.

സെപ്തംബർ മാസത്തെ റേഷൻ വിതരണം ഒക്ടോബർ 6 വരെ ദീർഘിപ്പിച്ചു നൽകാൻ സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. പുതിയ സര്‍വറിലേക്ക് വിവരങ്ങള്‍ ചേര്‍ക്കുന്നത് പുരോഗമിക്കുകയാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ വിവരകൈമാറ്റം പൂര്‍ത്തീകരിക്കാനാകുമെന്നാണ് വകുപ്പിന്റെ വിശദീകരണം.