LiveTV

Live

Kerala

മക്കളും മരുമക്കളും ബീച്ചാശുപത്രിയില്‍ നടതള്ളിയ വൃദ്ധരെ ഏറ്റെടുക്കാന്‍ സന്നദ്ധസംഘടനകള്‍

21 വൃദ്ധരാണ് ബന്ധുക്കളുടെ പരിചരണമില്ലാതെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടത്. ജില്ലാ ലീഗല്‍ അതോറിറ്റി ഇടപെട്ടതോടെ പല സന്നദ്ധ സംഘടനകളും ഓരോരുത്തരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. 

മക്കളും മരുമക്കളും ബീച്ചാശുപത്രിയില്‍ നടതള്ളിയ വൃദ്ധരെ ഏറ്റെടുക്കാന്‍ സന്നദ്ധസംഘടനകള്‍

മക്കളും, മരുമക്കളുമൊക്കെയുണ്ടായിട്ടും കോഴിക്കോട് ബീച്ചാശുപത്രിയില്‍ നടതള്ളപ്പെട്ട എല്ലാവരേയും ഏറ്റെടുക്കാന്‍ തയ്യാറായി സന്നദ്ധസംഘടനകള്‍. ബന്ധുക്കള്‍ ഉപേക്ഷിക്കുന്നവരെ താമസിപ്പിക്കാനായി സ്ഥിരം സംവിധാനമൊരുക്കാമെന്ന് മാതൃ - സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ കലക്ടറെ അറിയിച്ചു. അതേസമയം, വിഷയം ശ്രദ്ധയില്‍പെടുത്തുന്ന കാര്യത്തില്‍ ബീച്ച് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ലീഗല്‍ അതോറിറ്റിയുടെ നിലപാട്.

21 വൃദ്ധരാണ് ബന്ധുക്കളുടെ പരിചരണമില്ലാതെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടത്. ജില്ലാ ലീഗല്‍ അതോറിറ്റി ഇടപെട്ടതോടെ പല സന്നദ്ധ സംഘടനകളും ഓരോരുത്തരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. എന്നിട്ടും ബാക്കി വരുന്ന മുഴുവന്‍ ആളുകളെയും സ്ഥിരം സംവിധാനമൊരുക്കി പാര്‍പ്പിക്കാനാണ് കോഴിക്കോട് ആസ്ഥാനമായുള്ള മാതൃ സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തീരുമാനം. സ്ഥിരം സംവിധാനം ഒരുക്കുന്നത് വരെ മറ്റൊരിടത്ത് ഇവരുടെ താമസം ഒരുക്കാനാണ് തീരുമാനം. അതേസമയം, വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബീച്ചാശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന നിലപാടിലാണ് ലീഗല്‍ അതോറിറ്റി. നിയമപ്രകാരം തന്നെയാണ് ആശുപത്രി അധികൃതര്‍ കാര്യങ്ങള്‍ ചെയ്തതെന്ന് സൂപ്രണ്ട് വി ഉമ്മര്‍ ഫാറൂഖ് പ്രതികരിച്ചു.