LiveTV

Live

Kerala

നാളെയും ഫ്രാങ്കോയെ ചോദ്യം ചെയ്യും; നിയമോപദേശം ലഭിച്ചാല്‍ അറസ്റ്റ്

ആദ്യ ദിവസം ബിഷപ്പിന് പറയാനുള്ള അവസരമാണ് അന്വേഷണ സംഘം നല്‍കിയത്. എന്നാല്‍ രണ്ടാം ദിവസം കൃത്യമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്

നാളെയും ഫ്രാങ്കോയെ ചോദ്യം ചെയ്യും; നിയമോപദേശം ലഭിച്ചാല്‍ അറസ്റ്റ്

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ജലന്ധര്‍ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ നാളെയോടെ പൂര്‍ത്തിയാക്കും. ഇതുവരെയുള്ള അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും പുരോഗതി അന്വേഷണ സംഘം വിലയിരുത്തുകയാണ്. നാളെ നിയമോപദേശം കൂടി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് കോട്ടയം എസ്.പി പറഞ്ഞു. രണ്ട് ദിവസമായി 15 മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്.

ആദ്യ ദിവസം ബിഷപ്പിന് പറയാനുള്ള അവസരമാണ് അന്വേഷണ സംഘം നല്‍കിയത്. എന്നാല്‍ രണ്ടാം ദിവസം കൃത്യമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. പലകാര്യങ്ങളും ബിഷപ്പ് നിഷേധിച്ചെങ്കിലും തൃപ്തികരമായ മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ ഏകദേശം പൂര്‍ത്തിയായി.

ബിഷപ്പിന്റെ മൊഴിയും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും വിശദമായി പരിശോധിക്കുന്ന ജോലികള്‍ ഇതോടെ ആരംഭിച്ചു. നിയമോപദേശം കൂടി ലഭിച്ചാല്‍ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം എസ്.പി പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി 15 മണിക്കൂര്‍ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അവസാനവട്ട ചോദ്യം ചെയ്യലിലും നേരത്തെ നല്‍കിയ മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ അറസ്റ്റിലേക്ക് ഉണ്ടായേക്കുമെന്നാണ് സൂചന.