LiveTV

Live

Kerala

ബാങ്കുകളുടെ ലയനം: പ്രതിഷേധമുയര്‍ത്തി ജീവനക്കാര്‍

വിജയാ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍.

ബാങ്കുകളുടെ ലയനം: പ്രതിഷേധമുയര്‍ത്തി ജീവനക്കാര്‍

രാജ്യത്തെ മൂന്നു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. വിജയാ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍. കേന്ദ്രത്തിന്റെ തീരുമാനം സ്വകാര്യബാങ്കുകളുടെ മേധാവിത്വത്തിനാണ് വഴി വെക്കുകയെന്ന് ജീവനക്കാരുടെ യൂണിയനുകള്‍ ആരോപിക്കുന്നു.

ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വിജയാ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെ ലയിപ്പിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. അടുത്ത വര്‍ഷം മാര്‍ച്ച് 31 നകം ലയനം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ തീരുമാനം ബാങ്കിംഗ് മേഖലക്ക് തിരിച്ചടിയാകുമെന്നാണ് ജീവനക്കാരുടെ ആരോപണം. ലയനം പൂര്‍ത്തിയായാല്‍ പല ശാഖകളും പൂട്ടേണ്ടി വരും. ഇത് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുമെന്നാണ് യൂണിയനുകള്‍ പറയുന്നത്.

അസോസിയേറ്റ് ബാങ്കുകളും മഹിളാ ബാങ്കും ലയിപ്പിച്ചതിനു ശേഷം എസ്.ബി.ഐ നഷ്ടം നേരിടുകയാണ്. ഇതിനു പിന്നാലെയാണ് ഈ മൂന്നു ബാങ്കുകളുടെ ലയനത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള നടപടിക്ക് പകരം ബാങ്കുകളുടെ ലയനവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂണിയനുകളുടെ തീരുമാനം.