LiveTV

Live

Kerala

പെരുവമ്പ് സ്കൂള്‍ പുതിയ മാനേജര്‍ക്ക് കൈമാറിയത് ചട്ടങ്ങള്‍ മറികടന്ന്

പൊതുവായ അവകാശം നിലനില്‍ക്കുമ്പോള്‍ ഭാഗികമായി ഉടമാവകാശം കൈമാറാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി.

പെരുവമ്പ് സ്കൂള്‍ പുതിയ മാനേജര്‍ക്ക് കൈമാറിയത് ചട്ടങ്ങള്‍ മറികടന്ന്

കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകള്‍ മറികടന്നാണ് പാലക്കാട് പെരുവമ്പ് സി.എ സ്കൂള്‍ പുതിയ മാനേജര്‍ക്ക് കൈമാറാന്‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടത്. പൊതുവായ അവകാശം നിലനില്‍ക്കുമ്പോള്‍ ഭാഗികമായി ഉടമാവകാശം കൈമാറാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി.

കെ.ശാന്തകുമാരി, കെ.വസന്തകുമാരി, കെ. സുദേവന്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് പെരുവമ്പ് സി.എ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒന്നിലധികം പേരുടെ കൂട്ട ഉടമസ്ഥതയിലുള്ള സ്കൂളിന്റെ ഉടമാവകാശം ഭാഗികമായി കൈമാറാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 2017 ആഗസ്റ്റ് 05ന് ഹംസത്തിന്റെ ഭാര്യ താജുന്നീസക്കും മകന്‍ സജിത്തിനും സ്കൂളിന്‍റെ ഉടമാവാകാശത്തില്‍ ഒരു ഭാഗം കൈമാറാന്‍ അനുമതി നല്‍കി. കെ.ശാന്തകുമാരി, കെ.വസന്തകുമാരി എന്നിവരുടെ ഓഹരിയാണ് കൈമാറിയത്. സുദേവന്‍റെ ഓഹരി നിലനില്‍ക്കെ ഭാഗിക കൈമാറ്റം ഹൈകോടതി സ്റ്റേ ചെയ്തു. ഇതേതുടര്‍ന്ന് ട്രസ്റ്റ് രൂപീകരിച്ചാണ് ഉടമാവകാശമില്ലാത്ത സജിത്ത് ഹംസ മാനേജറായി തുടരുന്നത്.

സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെ നേരത്തെ പെരുവമ്പ് പഞ്ചായത്ത് എതിര്‍ത്തിരുന്നു. സജിത്തിന്റെ പിതാവ് ഹംസയായിരുന്നു അന്ന് പെരുവമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സി.എ സ്കൂളിന് ഫിറ്റ്നസ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്‍റ് എഞ്ചിനിയര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ സമ്മര്‍ദമാണ് സ്കൂള്‍ കൈമാറുന്നതിലേക്ക് നയിച്ചതെന്നാണ് ആരോപണം.