LiveTV

Live

Kerala

ജലന്ധര്‍ ബിഷപ്പിനെതിരെ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസില്‍

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടന്നുന്ന സമരം 12ആം ദിവസത്തിലേക്ക്.

ജലന്ധര്‍ ബിഷപ്പിനെതിരെ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസില്‍

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടന്നുന്ന സമരം 12ആം ദിവസത്തിലേക്ക്. ബിഷപ്പിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരസമിതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും അറസ്റ്റിന് തടസമില്ലെന്ന് ഇന്നലെ കോട്ടയം എസ്പിയും വ്യക്തമാക്കിയിരുന്നു. വലിയ ജനപിന്തുണയോടെയാണ് കന്യസ്ത്രീകളുടെ സമരം 11 ദിവസം പിന്നിട്ടത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ അറസ്റ്റില്‍ കുറഞ്ഞതൊന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകളും സമരസമിതിയും പ്രതീക്ഷിക്കുന്നില്ല. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചെങ്കിലും അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം റേഞ്ച് ഐജി യുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം കോട്ടയം എസ്പിയും പ്രതികരിച്ചിരുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും സാമൂഹ്യപ്രവര്‍ത്തക പി ഗീതയും നിരാഹാരസമരം തുടരുകയാണ്. സമരം കൂടുതൽ ശക്തമാക്കാനാണ് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെയും തീരുമാനം. വിവിധ ജില്ലകളിൽ ജനകീയ സംഘടനകളുമായി സഹകരിച്ച് സമരം വ്യാപിപ്പിക്കും. ഫ്രാങ്കോയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 11 ന് എറണാകുളം ഐജി ഓഫീസിലേക്ക് സമരസമിതി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. അറസ്റ്റുണ്ടായില്ലെങ്കിൽ സമരത്തിന്റെ രൂപം മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ആക്ഷൻ കൗൺസിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.

കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികാതിക്രമ കേസ് സമയബന്ധിതമായി അന്വേഷിച്ച് കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍. കേസില്‍ കൃത്യമായി നടപടിയെടുക്കാന്‍ സഭക്ക് കഴിഞ്ഞില്ല. ലൈംഗികാതിക്രമ പരാതികളില്‍ നടപടിയെടുക്കുന്നതിനുള്ള കത്തോലിക്കാ സഭയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെ കേസില്‍ പാലിച്ചില്ലെന്നാണ് മനസ്സിലാകുന്നതെന്നും ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ പ്രോഗ്രാം ഡയറക്ടര്‍ അസ്മിത ബാസു പറഞ്ഞു.