LiveTV

Live

Kerala

മോഷണക്കേസിലെ പ്രതിയുമായി രൂപസാദൃശ്യം; പ്രവാസിയെ പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായി പരാതി

മാല മോഷണക്കേസിലെ പ്രതിയുമായി രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാൽ തെളിവില്ലെന്ന് കണ്ടിട്ടും പോലീസ് പീഡനം തുടരുകയാണെന്ന് കുടുംബം പറയുന്നു.

മോഷണക്കേസിലെ പ്രതിയുമായി രൂപസാദൃശ്യം; പ്രവാസിയെ പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായി പരാതി

നിരപരാധിയായ പ്രവാസി യുവാവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായി പരാതി. കണ്ണൂർ കതിരൂരിൽ താജുദ്ദീനെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് പരാതി. മാല മോഷണക്കേസിലെ പ്രതിയുമായി രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാൽ തെളിവില്ലെന്ന് കണ്ടിട്ടും പൊലീസ് പീഡനം തുടരുകയാണെന്ന് കുടുംബം പറയുന്നു.

മകളുടെ വിവാഹത്തിന് ഖത്തറിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് ചക്കരക്കല്ല് പോലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മാല പൊട്ടിച്ച കേസിലെ അന്വഷണത്തിന്റെ ഭാഗമായി സി.സി.ടി.വിൽ പതിഞ്ഞ പ്രതിയുമായി രൂപസാദൃശ്യമുണ്ടെന്നായിരുന്നു പൊലീസ് വാദം. എന്നാൽ റിമാൻഡിലായ താജുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിട്ടും കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല.

നുണപരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കണമെന്ന ആവശ്യവും പൊലീസ് തള്ളി. പ്രതിയുടേതെന്ന് പൊലീസ് പറയുന്ന സി.സി.ടി.വിൽ പതിഞ്ഞ വാഹനവും കണ്ടെത്താനായിട്ടില്ല. എന്നാൽ തൊണ്ടി മുതൽ ഉൾപ്പടെ കണ്ടെടുത്തുവെന്ന് പൊലീസ് വ്യാജ പ്രചാരണം നടത്തിയെന്നും താജുദ്ദീൻ പറയുന്നു.

52 ദിവസം ജയിലിൽ കിടന്നത് കാരണം ഖത്തറിലെ ജോലി നഷ്ടമായി. മൂത്ത മകന്റെ ഉന്നത വിദ്യാഭ്യാസം മുടങ്ങി. മാനസികമായി തകർന്ന കുടുംബം നീതി തേടി മുഖ്യമന്ത്രി അടക്കമുള്ളവരെ സമീപിച്ചിരിക്കുകയാണ്.