LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനോട് വിയോജിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് റദ്ദാക്കി

ഉദ്യോഗസ്ഥന്‍ അനില്‍രാജിന്റെ സ്ഥലംമാറ്റം വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയത്.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനോട് വിയോജിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് റദ്ദാക്കി

ഒരു മാസത്തെ ശമ്പളം സര്‍ക്കാറിന്‍റെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കില്ലെന്ന് നിലപാടെടുത്ത ഉദ്യോഗസ്ഥനെതിരായ നടപടി റദ്ദാക്കി. ഉദ്യോഗസ്ഥന്‍ അനില്‍രാജിന്റെ സ്ഥലംമാറ്റം വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയത്.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവിറക്കിയ സെക്രട്ടറിയേറ്റിലെ ധനവകുപ്പിലെ ഫണ്ട്സ് വിഭാഗത്തിലെ സെക്ഷന്‍ ഓഫീസറാണ് അനില്‍ രാജ്. സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് അനില്‍. ഒരു മാസത്തെ ശമ്പളം നല്‍കാനാവില്ലെന്നായിരുന്നു അനില്‍ ആദ്യമിട്ട ഫേസ് ബുക്ക് പോസ്റ്റ്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ തന്നെ ഉത്തരവിനെതിരെ രംഗത്തു വന്നതോടെ ധനവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

സംഭവം സര്‍ക്കാരിനും സി.പി.എം അനുകൂല സംഘടനക്കും നാണക്കേടായതോടെ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ നടന്നു. മാപ്പ് പറഞ്ഞുകൊണ്ടും ശമ്പളം നല്‍കാമെന്ന ഉറപ്പിച്ച് പറഞ്ഞും അനില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. അതിന് പിന്നാലെ സ്ഥലം മാറ്റവും റദ്ദായി. ഇതിനിടെ സര്‍ക്കാരിന്‍റെ നിര്‍ബന്ധ പിരിവിനെതിരെ പ്രചരണം സംഘടിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് യു.ഡി.എഫ് അനുകൂല ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍. ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാന്‍ അവസരം വേണമെന്നാണ് ആവശ്യം. വിസമ്മത പത്രം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.