LiveTV

Live

Kerala

നിപ കാലയളവിലെ താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനത്തില്‍ വിവേചനം

നിപ കാലത്തെ താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പട്ടികയില്‍ നിന്നും നഴ്സിംഗ് അസിസ്റ്റന്റുമാരും ശുചീകരണ തൊഴിലാളികളുമടക്കം 15 പേരെ ഒഴിവാക്കിയതായാണ് പരാതി.

നിപ കാലയളവിലെ താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനത്തില്‍ വിവേചനം

നിപ വൈറസ് ബാധിച്ച കാലയളവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നതായി പരാതി. നിപ ബാധിതര്‍ക്കായുള്ള ഐസൊലേഷന്‍ വാര്‍ഡുകളില്‍ ജോലി ചെയ്ത ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ളവരെ ഒഴിവാക്കിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അക്കാലയളവില്‍ ജോലിചെയ്തവരെ ഒഴിവാക്കിയുള്ള പട്ടികയാണ് കൈമാറിയതെന്നാണ് ആരോപണം.

നിപ വൈറസ് ബാധയെ തുടര്‍ന്ന് മെയ് 22ന് വിവിധ വകുപ്പുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് താത്കാലിക നിയമനം നടത്തിയിരുന്നു. പിന്നീട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ച പട്ടികയില്‍ നിന്നും നഴ്സിംഗ് അസിസ്റ്റന്റുമാരും ശുചീകരണതൊഴിലാളികളുമടക്കം 15 പേരെ ഒഴിവാക്കിയതായാണ് പരാതി.

അര്‍ഹതയുള്ളവരെ ഒഴിവാക്കിയ പട്ടികയില്‍ ആ കാലയളവിന് ശേഷം ജോലി ചെയ്തവരെ ഉള്‍പ്പെടുത്തിയതായും ആക്ഷേപമുണ്ട്. തങ്ങള്‍ക്കും സ്ഥിര നിയമനം നല്‍കണമെന്നും നിലവില്‍ ജോലി സ്ഥിരപ്പെടുത്തിയവരുടെ പട്ടിക പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് ഇവര്‍ പരാതി നല്കിയിട്ടുണ്ട്.