LiveTV

Live

Kerala

ഹര്‍ത്താലിനെ ചൊല്ലി മുസ്‌ലിം ലീഗില്‍ തര്‍ക്കം

ഒഴിച്ചു കൂടാവാകാത്ത സാഹചര്യമായതിനാല്‍ പാര്‍ട്ടി ഹര്‍ത്താലിനെ പിന്തുണക്കുന്നുവെന്നായിരുന്നു കെ.പി.എ മജീദ് പറഞ്ഞത്. ഈ നിലപാട് തള്ളി ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ മുനീര്‍ തന്നെ രംഗത്തെത്തി

ഹര്‍ത്താലിനെ ചൊല്ലി മുസ്‌ലിം ലീഗില്‍ തര്‍ക്കം

പെട്രോളിയം വിലവര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലിനെച്ചൊല്ലി മുസ്ലിംലീഗില്‍ തര്‍ക്കം. ഹര്‍ത്താലിന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രളയം കണക്കിലെടുത്ത് കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് ഡോ. എം കെ മുനീര്‍ രംഗത്തെത്തി.

പെട്രോളിയം ഉല്‍പന്നങ്ങളുടെ അടിക്കടിയുണ്ടാകുന്ന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയ തലത്തിലാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. കേരളത്തില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കാന്‍ കെ.പി.സി.സി യും തീരുമാനിച്ചു. സി.പി.എമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തില്‍ ഹര്‍ത്താലിനെ പിന്തുണക്കാനായിരുന്നു മുസ്ലീം ലീഗ് തീരുമാനം.

ഒഴിച്ചു കൂടാവാകാത്ത സാഹചര്യമായതിനാല്‍ പാര്‍ട്ടി ഹര്‍ത്താലിനെ പിന്തുണക്കുന്നുവെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ഈ നിലപാട് തള്ളി ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ മുനീര്‍ തന്നെ രംഗത്തെത്തി.

പാര്‍ട്ടി നിലപാടിനെ പിന്തുണക്കുമ്പോഴും വ്യക്തിപരമായി ഈ ഹര്‍ത്താലിനോട് യോജിപ്പില്ലെന്നും മുനീര്‍ വിശദീകരിച്ചു. പാര്‍ട്ടിയിലുണ്ടായ ഭിന്നത അണികള്‍ക്കിടയിലും ആശയക്കുഴപ്പത്തിന് വഴി വെച്ചിട്ടുണ്ട്.