LiveTV

Live

Kerala

പി.കെ ശശിയെ സി.പി.എം കൈവിടുന്നു

പി.കെ ശശിക്കെതിരെ കർശന നടപടി വേണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം

പി.കെ ശശിയെ സി.പി.എം കൈവിടുന്നു

ലൈംഗിക പീഡന പരാതിയിൽ പി.കെ ശശി എം.എൽ.എയെ സി.പി.എം കൈവിടുന്നു. പി.കെ ശശിക്കെതിരെ കർശന നടപടി വേണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.

ലൈംഗിക പീഡന പരാതി പാർട്ടിക്ക് പൊതുസമൂഹത്തിൽ മോശം പ്രതിച്ഛായ ഉണ്ടാക്കി തുടങ്ങിയതോടെയാണ് സി.പി.എം പി.കെ ശശിയെ കൈവിടുന്നത്. സംഭവം വിവാദമായ ശേഷവും പ്രവർത്തകരെ സംഘടിപ്പിച്ച് മുദ്രാവാക്യം വിളികളോടെ വീരപരിവേഷം നേടാനുള്ള ശശിയുടെ ശ്രമങ്ങൾ കടുത്ത അച്ചടക്ക ലംഘനമായി പാർട്ടി വിലയിരുത്തി. ഇതുകൊണ്ടാണ് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ശക്തമായ നടപടി ഉണ്ടാകുമെന്ന സൂചനകൾ അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ.കെ ബാലൻ തന്നെ നൽകി.

പ്രാദേശിക തലത്തിലും പി.കെ ശശിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പി.കെ ശശി എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാണ് സി.പി.ഐ നിലപാട്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്തുള്ള നടപടിയാകും ഉണ്ടാവുക. പരാതിക്കാരി പൊലീസിനെ സമീപിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്താൽ അത് പാർട്ടിക്ക് കളങ്കം ഉണ്ടാക്കുമെന്നതിനാൽ ഉടൻ നടപടി ഉണ്ടാകാനാണ് സാധ്യത. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് നേതാക്കൾക്ക് ബോധ്യമുണ്ട്. പാർട്ടി നിയന്ത്രണം വന്നതോടെ പി.കെ ശശി ഒറ്റപ്പെട്ടു.