LiveTV

Live

Kerala

കോഴ വാങ്ങി സര്‍ട്ടിഫിക്കറ്റ്: കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ക്കും പ്രിന്‍സിപ്പാളിനും സസ്പെന്‍ഷന്‍

കോഴ നല്‍കി ലഭിച്ച സര്‍ട്ടിഫിക്കറ്റിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കാര്യം കോടതി തീരുമാനിക്കുമെന്നും സഭ അറിയിച്ചു.

കോഴ വാങ്ങി സര്‍ട്ടിഫിക്കറ്റ്: കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ക്കും പ്രിന്‍സിപ്പാളിനും സസ്പെന്‍ഷന്‍

കോഴ വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ക്കും പ്രിന്‍സിപ്പാളിനും സസ്പെന്‍ഷന്‍. ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, പ്രിന്‍സിപ്പാള്‍ ഡോ. മധുസൂദനന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴ നല്‍കി ലഭിച്ച സര്‍ട്ടിഫിക്കറ്റിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കാര്യം കോടതി തീരുമാനിക്കുമെന്നും സഭ അറിയിച്ചു.

കാരക്കോണം മെഡിക്കല്‍ കോളജില്‍ കോഴ വാങ്ങി സംവരണ സീറ്റുകള്‍ മറിച്ചുനല്‍കിയതാണ് വിവാദമായത്. സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പ് ഡേവിഡ് വി ലൂക്കോസുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണമുയര്‍ന്നു. മെഡിക്കല്‍ കോളജിലെ 7 മാനേജ്മെന്റ് സീറ്റുകളാണ് സിഎംഎസ് ആംഗ്ലിക്കന്‍ സഭക്കും അനുബന്ധസഭകള്‍ക്കും സംവരണം ചെയ്തിരിക്കുന്നത്.

15 ലക്ഷം രൂപ വീതം കോഴ വാങ്ങി ഇതില്‍ 4 സംവരണ സീറ്റുകള്‍ വിറ്റു. ഇതരസമുദായത്തില്‍ പെട്ടവര്‍ക്കും സിഎംഎസ് ആംഗ്ലിക്കന്‍ സഭാംഗം എന്ന് രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. സീറ്റ് വില്‍പ്പന പുറത്തായതോടെ കെഎസ്‍യു കോളജിലേക്ക് മാര്‍ച്ച് നടത്തി. മറിച്ചുവിറ്റ സീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

സംഭവം വിവാദമായതോടെ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനെയും പ്രിന്‍സിപ്പല്‍ ഡോ. മധുസൂദനനെയും സസ്പെന്‍ഡ് ചെയ്തു. സിഎസ്ഐ സഭാധ്യക്ഷനാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.