LiveTV

Live

Kerala

പി.കെ ശശിക്കെതിരെ സി.പി.എം നടപടിയെടുക്കും 

പാലക്കാട് ജില്ലാ സെക്രട്ടറിയെ വിളിച്ചു വരുത്തി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും.

പി.കെ ശശിക്കെതിരെ സി.പി.എം നടപടിയെടുക്കും 

പി.കെ ശശി എം.എൽ.എക്കെതിരെ കർശന നടപടിക്കൊരുങ്ങി സി.പി.എം നേതൃത്വം. പാർട്ടി ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ ശശിയോട് സി.പി.എം നിർദേശിച്ചതായി സൂചന. ശശിക്കെതിരെയുളള പരാതിയിൽ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡി.ജി.പിയും വ്യക്തമാക്കി.

പി.കെ ശശി എം.എൽ.എക്കെതിരായി ഉയർന്ന ലൈംഗിക പീഡന പരാതി പാർട്ടിയുടെ പ്രതിച്ഛായക്ക് തന്നെ കളങ്കമായ സാഹചര്യത്തിലാണ് വിഷയത്തിൽ കർശന നടപടിയിലേക്ക് കടക്കാൻ സി.പി.എം നേതൃത്വം ഒരുങ്ങുന്നത്. അന്വേഷണം തീരുംവരെ ശശിയെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റി നിർത്താനാണ് സി.പി.എം നേതൃത്വത്തിലെ ആലോചന. ഇത് സംബന്ധിച്ച നിർദേശം പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നൽകിയതായും സൂചനയുണ്ട്. സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് അടക്കമുളള ചുമതലകളിൽ നിന്നായിരിക്കും ശശിയെ തൽക്കാലത്തേക്ക് മാറ്റി നിർത്തുക. പാലക്കാട് ജില്ല സെക്രട്ടറിയെ വിളിച്ചുവരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം അറിയിച്ചതായാണ് വിവരം.

ശശിക്കെതിരെയുളള പാർട്ടി കമ്മീഷൻ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി പെൺകുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷൻ ഉടൻ രേഖപ്പെടുത്തും. നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും നിർദേശം നൽകിയതായാണ് സൂചന. അതേസമയം ശശിക്കെതിരെയുളള പരാതിയിൽ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി കൈക്കൊളളുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ വ്യക്തമാക്കി.