LiveTV

Live

Kerala

കല്യാശേരിയില്‍ അന്തിമ വിജ്ഞാപനത്തിന് ശേഷവും ദേശീയപാത അലൈന്‍മെന്‍റ് മാറ്റി

കല്യാശേരി ടൌണിലെ 250 മീറ്റര്‍ അലൈന്‍മെന്‍റിലാണ് മാറ്റം വരുത്തിയത്.

 കല്യാശേരിയില്‍ അന്തിമ വിജ്ഞാപനത്തിന് ശേഷവും ദേശീയപാത അലൈന്‍മെന്‍റ് മാറ്റി

സി.പി.എം ശക്തികേന്ദ്രമായ കണ്ണൂര്‍ കല്യാശേരിയില്‍ അന്തിമ വിജ്ഞാപനം പുറത്ത് വന്നതിന് ശേഷം ദേശീയപാതാ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തി. കല്യാശേരി ടൌണിലെ 250 മീറ്റര്‍ അലൈന്‍മെന്‍റിലാണ് മാറ്റം വരുത്തിയത്. പാര്‍ട്ടി നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍ സംരക്ഷിക്കാനാണ് അലൈന്‍മെന്‍റ് മാറ്റിയതെന്നാണ് ആക്ഷേപം.

പാപ്പിനിശേരി സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നില്‍നിന്നും കല്യാശേരി പോളിടെക്നിക്കിന് മുന്നില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു നിര്‍ദ്ദിഷ്ട ദേശീയ പാതയുടെ ആദ്യ അലൈന്‍മെന്‍റ്. കഴിഞ്ഞ ജൂലൈ 13നാണ് ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയത്. ആദ്യ അലൈന്‍മെന്‍റില്‍ ഉള്‍പ്പെട്ടവര്‍ സ്ഥലത്തിന്‍റെ ആധാരമടക്കം സമര്‍പ്പിച്ച് നഷ്ടപരിഹാര തുകക്കായി കാത്തിരിക്കുമ്പോഴാണ് ദിവസങ്ങള്‍ക്ക് മുന്‍പ് അലൈന്‍മെന്‍റില്‍ മാറ്റം വരുത്തി ദേശീയപാതാ അതോറിറ്റി ഉത്തരവിറക്കിയത്.

ജനറല്‍ റൂള്‍സിലെ ആര്‍ട്ടിക്കിള്‍ 21 എ വകുപ്പ് അനുസരിച്ചായിരുന്നു ഈ മാറ്റം. എന്നാല്‍ രഹസ്യ നീക്കത്തിലൂടെ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തിയതിന് പിന്നില്‍ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസും പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ ബാങ്ക് ഓഡിറ്റോറിയവും അടക്കം സംരക്ഷിക്കാനാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

അലൈന്‍മെന്‍റ് മാറ്റിയ നടപടിക്കെതിരെ സി.പി.ഐ പ്രാദേശിക നേതൃത്വവും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് അലൈന്‍മെന്‍റെില്‍ മാറ്റം വരുത്തിയതെന്നാണ് ദേശീയപാത അധികൃതരുടെ വിശദീകരണം.