LiveTV

Live

Kerala

എലിപ്പനി; ഇന്ന് ഒരു മരണം കൂടി, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ആഗസ്ത് 8ന് ശേഷം കോഴിക്കോട് ജില്ലയില്‍ മാത്രം 11 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലപ്പുഴയില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ചികിത്സ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു.

എലിപ്പനി; ഇന്ന് ഒരു മരണം കൂടി, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു . കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ച മൂന്ന് പേരിലും എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് പേരാണ് മരിച്ചത്. ഇവരില്‍ ഒരാളുടെ മരണകാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചമ്രവട്ടം സ്വദേശിയാണ് ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ച മൂന്ന് പേരില്‍ എലിപ്പനിയുടെ രോഗലക്ഷണങ്ങളും കണ്ടെത്തി. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി സുമേഷ്, കൊച്ചി കൂവപ്പടി സ്വദേശി കുമാരി , തൃശൂര്‍ ചാലക്കുടി സ്വദേശി സിനേഷ് എന്നിവരാണ് പനി ബാധിച്ച് മരിച്ച മൂന്ന് പേര്‍. രോഗലക്ഷണങ്ങളോടെ ആഗസ്റ്റില്‍ മാത്രം 1400 പേര്‍ ചികിത്സ തേടിയെന്നാണ് ഔദ്യോഗിക കണക്ക്.

പനി പടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതിവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ അധികൃതര്‍, സംസ്ഥാനത്ത് ചികിത്സ പ്രോട്ടോക്കോളും പ്രഖ്യാപിച്ചു. പനി നേരിടാന്‍ പുതുതായി 260 താത്ക്കാലിക ആശുപത്രികളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്ന് വിലയിരുത്തിയ അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മരുന്നു കഴിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും അഭ്യര്‍ഥിച്ചു.