LiveTV

Live

Kerala

ആല പഞ്ചായത്ത് പ്രസിഡന്‍റിനെയും പൊലീസുകാരന്‍ സൈമണിനെയും കണ്ടവരുണ്ടോ..?

സാമൂഹികമാധ്യമങ്ങള്‍ വഴി ഇവര്‍ അയച്ച വോയ്‌സ് ക്ലിപ്പിലൂടെയാണ് സേവനപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവര്‍ക്കുണ്ടായ ദുരനുഭവം പുറത്തറിഞ്ഞത്.

ആല പഞ്ചായത്ത് പ്രസിഡന്‍റിനെയും പൊലീസുകാരന്‍ സൈമണിനെയും കണ്ടവരുണ്ടോ..?

ആല പഞ്ചായത്ത് പ്രസിഡന്റിനെയും പോലീസുകാരന്‍ സൈമണേയും അന്വേഷിച്ച് സോഷ്യല്‍ മീഡിയ. പ്രളയക്കെടുതിയില്‍പെട്ട ചെങ്ങന്നൂരിലെ ആല പഞ്ചായത്തില്‍ സന്നദ്ധ സേവനത്തിനായി ചെന്ന മലപ്പുറം സ്വദേശികളുടെ ശബ്‍ദ സന്ദേശത്തെ തുടര്‍ന്നാണ് ഇരുവരെയും കണ്ടുപിടിക്കാന്‍ സൈബര്‍ പോരാളികള്‍ രംഗത്തിറങ്ങിയത്. ഇത് സമൂഹിക മാധ്യമങ്ങളില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴി വെച്ചു. കേരള സര്‍വകലാശാലയിലെ അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ അശ്‍റഫ് കടക്കല്‍ ഇതിനെ സാംസ്കാരിക ആഘാതം എന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ വരിഞ്ഞുമുറുക്കിയ സാഹചര്യങ്ങളില്‍ സാമാന്യമര്യാദകൾ പ്രളയ ബാധിതര്‍ പാലിക്കാത്തത് നാം മനുഷ്യത്വ പൂര്‍വം പരിഗണിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

മലപ്പുറത്തുനിന്ന് ആലയിലേക്കുള്ള 25 അംഗ സന്നദ്ധ സംഘത്തിന്റെ യാത്രയിലാണ് സംഭവങ്ങള്‍. ആദ്യ അനുഭവം മാവേലിക്കര സ്റ്റേഷനിലെ എന്ന് പരിചയപ്പെടുത്തിയ ഒരു പൊലീസുകാരനില്‍ നിന്നായിരുന്നു. മാവേലിക്കരയില്‍ വെച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസ്, പോകുന്ന വഴിയില്‍ ഇറങ്ങാനായി സൈമണ്‍ എന്ന പോലീസുകാരനെ കയറ്റണമെന്ന് ആവശ്യപ്പെട്ടു. വാഹനത്തില്‍ തീരെ സ്ഥലമില്ലാതിരുന്നിട്ടും ഇവര്‍ പൊലീസുകാരനെ ഒപ്പം കൂട്ടി. വഴിനീളെ പോലീസുകാരനോട് സ്ഥലം അന്വേഷിച്ചെങ്കിലും ആയിട്ടില്ല, ആവുമ്പോള്‍ പറയാം എന്നായിരുന്നു മറുപടി. എന്നാല്‍ ആല എത്തിയിട്ടും ഇതല്ല സ്ഥലമെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ഇയാള്‍ മുന്നോട്ട് കൊണ്ടുപോയി. ഇയാള്‍ക്കിറങ്ങേണ്ട സ്ഥലം എത്തി ഇറങ്ങിയ ശേഷം, വന്ന വഴി തന്നെയായിരുന്നു ആലയെന്ന് പറയുകയായിരുന്നു. ഇതോടെ അഞ്ചാറുകിലോമീറ്റര്‍ വീണ്ടും പിറകോട്ട് സഞ്ചരിച്ചാണ് ഇവര്‍ ആലയില്‍ എത്തിയത്. സേവനപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ച ഇവരുടെ വിലപ്പെട്ട സമയവും ഇന്ധനവും നഷ്ടപ്പെടുത്തിയാണ് പൊലീസുകാരന്‍ ഇവരെ കബളിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശോഭനയില്‍ നിന്നായിരുന്നു പിന്നെയുണ്ടായ ദുരനുഭവം. പഞ്ചായത്തിലെത്തിയ ഇവര്‍ക്ക് ആദ്യം വൃത്തിയാക്കാനായി ഇവര്‍ കാണിച്ചുകൊടുത്തത് സ്വന്തം വീടു തന്നെയായിരുന്നു. ആ വീട് വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ ഒരു നന്ദിവാക്കുപോലും പറയാതെ മറ്റുള്ളവരെ ഫോണ്‍ ചെയ്ത് വീടുകള്‍ വൃത്തിയാക്കാന്‍ പഞ്ചായത്ത് പുറത്തുനിന്ന് പണിക്കാരെ കൊണ്ടുവന്നിട്ടുണ്ട്, ആവശ്യമുള്ള സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കൂ എന്നായിരുന്നത്രേ പ്രസിഡന്റ് പറഞ്ഞത്. തങ്ങള്‍ പോയ നൂറുകണക്കിന് വീടുകളില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഭൂരിപക്ഷം പേരില്‍ നിന്നും നന്ദികെട്ട പെരുമാറ്റമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു.

തെക്കന്‍ ജില്ലക്കാര്‍ നന്നായി പെരുമാറാന്‍ അറിയാത്തവരാണെന്നും സൗജന്യമായി ചെയ്തുകൊടുത്ത ഈ സേവനങ്ങള്‍ എന്തോ അവകാശം പോലെയാണ് ഇവിടെയുള്ളവര്‍ കരുതുന്നതെന്നുമാണ് സ്വന്തം അനുഭവം വിവരിച്ച് ഈ സന്നദ്ധ സേവകര്‍ പറയുന്നത്. ഇവരുടെ വോയ്സ് ക്ലിപ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.