LiveTV

Live

Kerala

പ്രളയക്കെടുതി; ലോക ബാങ്ക് പ്രതിനിധി സംഘം കേരളത്തിലെത്തി, കേന്ദ്രസംഘവും ഇന്നെത്തും

കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എത്തുന്ന സംഘം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യും. വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ധനമന്ത്രി ഉന്നയിക്കും.

പ്രളയക്കെടുതി; ലോക ബാങ്ക് പ്രതിനിധി സംഘം കേരളത്തിലെത്തി, കേന്ദ്രസംഘവും ഇന്നെത്തും

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എത്തുന്ന സംഘം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യും. ലോക ബാങ്ക് പ്രതിനിധി സംഘവും കേരളത്തിലെത്തി. ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയാണ്.

അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു, പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാര്‍, നബാര്‍ഡ് പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ എന്നിവരാണ് കേന്ദ്രമന്ത്രിക്കൊപ്പം എത്തുന്നത്. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനവും സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം പരിശോധിക്കും. കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ധനമന്ത്രി തോമസ് ഐസക് കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കും.

പ്രളയക്കെടുതിയെ കേരളം എങ്ങനെ നേരിടുന്നുവെന്ന് പരിശോധിക്കുന്നതിനാണ് ലോകബാങ്ക് പ്രതിനിധിസംഘം കേരളത്തിലെത്തുന്നത്. ലോകബാങ്കിന്റെ സാമ്പത്തിക സഹായവും ഉന്നമിടുന്ന കേരളത്തിന് പ്രതിനിധി സംഘത്തിന്റെ വരവ് ഗുണകരമാവും. ലോകബാങ്കില്‍ നിന്ന് പ്രത്യേക പാക്കേജായി കുറഞ്ഞ പലിശക്ക് ദീര്‍ഘകാല വായ്പ ലഭ്യമാക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. പ്രതിനിധി സംഘത്തിന്റെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.