LiveTV

Live

Kerala

സൗമ്യയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കസ്റ്റഡിയില്‍‌ സൌമ്യ പീഡനത്തിന് ഇരയായോ എന്ന് അന്വേഷിക്കണമെന്നും ജയില്‍ ഡി.ജി.പി ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

സൗമ്യയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ജയിലിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കണ്ണൂർ വനിതാ ജയിൽ അധികൃതർക്കെതിരെയാണ് കേസെടുത്തത്. ജയിൽ ഡി.ജി.പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം പി.മോഹനദാസ് ഉത്തരവിട്ടു.

ആത്മഹത്യയിൽ ദുരൂഹതയുണ്ടോ, സൗമ്യ കസ്റ്റഡിയിൽ പീഡനത്തിന് ഇരയായിട്ടുണ്ടോ, ആരെങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിച്ചോ എന്നീ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഇന്നലെയാണ് സൌമ്യയെ ജയിലിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണ് സൌമ്യ അറസ്റ്റിലായത്. ഒരു വീട്ടില്‍ തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സൌമ്യയുടെ അറസ്റ്റിലെത്തിയത്.