LiveTV

Live

Kerala

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൌമ്യ തൂങ്ങിമരിച്ച നിലയില്‍

വനിതാ ജയിലിനോട് ചേര്‍ന്ന് മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മാതാപിതാക്കളും മകളും വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ജയിലിലായിരുന്നു സൌമ്യ

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൌമ്യ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ പിണറായിയിലെ പരമ്പര കൊലപാതക കേസിലെ പ്രതി സൌമ്യയെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് കണ്ണൂര്‍ വനിതാ ജയിലിന് സമീപമുള്ള മരത്തില്‍ സൌമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണ് സൌമ്യ അറസ്റ്റിലായത്.

രാവിലെ ഒന്‍പതരയോടെ കണ്ണൂര്‍ വനിതാ ജയിലിലെ ബാത്ത്റൂമിന് സമീപത്തുള്ള കശുമാവിന്‍ കൊമ്പിലാണ് സൌമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ആര്‍ഡിഓയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

ഈ വര്‍ഷം ജനുവരി 21നാണ് സൌമ്യയുടെ മൂത്ത മകള്‍ ഐശ്വര്യ ഛര്‍ദ്ദിയെ തുടര്‍ന്ന് മരിക്കുന്നത്. തൊട്ട് പിന്നാലെ മാര്‍ച്ച് 7ന് സൌമ്യയുടെ അമ്മ കമലയും ഏപ്രില്‍13ന് പിതാവ് കുഞ്ഞിക്കണ്ണനും സമാന സാഹചര്യത്തില്‍ മരിച്ചു. 2012 ജനുവരിയില്‍ സൌമ്യയുടെ ഇളയകുട്ടിയായ ഒരു വയസുളള കീര്‍ത്തനയും ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സൌമ്യയുടെ അറസ്റ്റിലെത്തിയത്.

അലുമിനിയം ഫോസ്ഫൈഡ് എന്ന രാസവസ്തു ശരീരത്തില്‍ എത്തിയതാണ് കുഞ്ഞിക്കണ്ണന്‍റെയും ഭാര്യയുടെയും മരണ കാരണം എന്ന് ഇവരുടെ ആന്തരിക അവയവ പരിശോധനയില്‍ തെളിഞ്ഞു. ഏപ്രില്‍ 24നാണ് സൌമ്യയെ അറസ്റ്റ് ചെയ്തത്. തന്റെ ബന്ധങ്ങള്‍ക്ക് തടസ്സമാവാതിരിക്കാനാണ് മൂവരേയും കൊലപ്പെടുത്തിയതെന്ന് സൌമ്യ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.