LiveTV

Live

Kerala

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി

നാടറിയുന്നവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയുക. അതുകൊണ്ടാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടറിയുന്നവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയുക. അതുകൊണ്ടാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതെന്നും പ്രളയക്കെടുതികള്‍ വിലയിരുത്തിക്കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ 58506 പേരെ രക്ഷപ്പെടുത്തി. ഇന്ന് മാത്രം 33 പേര്‍ മരിച്ചു. നാളെ മുതല്‍ അഞ്ച് ഹെലികോപ്റ്റര്‍ കൂടിയെത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവില്‍ 67 ഹെലികോപ്റ്ററുകളും 24 എയര്‍ക്രാഫ്റ്റുകളും കേരളത്തിലുണ്ട്. നല്ല സഹകരണമാണ് കേന്ദ്രസേനയുടെ ഭാഗത്തു നിന്നുണ്ടായത്. ജനങ്ങളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും കേന്ദ്രസേനകളുടേയും സഹായത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെ കേരളം മറികടക്കാന്‍ നടത്തിയ ശ്രമം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചുനല്‍കാന്‍ മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും സമാന്തര സെല്‍ രൂപീകരിച്ചു. സംസ്ഥാനത്ത് ഭക്ഷ്യദൗര്‍ലഭ്യം ഉണ്ടാകാന്‍ പോവുകയാണെന്ന പ്രചാരണം വ്യാജം. സൈന്യം മാത്രമായി എവിടെയും രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടില്ല. ജില്ലാ ഭരണസംവിധാനത്തോടൊപ്പം അവരെ സഹായിക്കുകയെന്നതാണ് സൈന്യത്തിന്റെ ഉത്തരവാദിത്വം.

കേരളത്തെ എല്ലാ സംസ്ഥാനങ്ങളും സഹായിക്കുന്നു. 2000 കോടിയുടെ അടിയന്തര ആശ്വാസം കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്. പ്രാഥമികമായി കണക്കാക്കിയത് 19512 കോടിയുടെ നഷ്ടം. പ്രധാനമന്ത്രിയോടും വകുപ്പ് മന്ത്രിമാരോടും നിരന്തരം ബന്ധപ്പെടുന്നു. കൊച്ചി നേവല്‍ ബേസില്‍ നിന്നും തിങ്കളാഴ്ച്ച മുതല്‍ മൂന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.