LiveTV

Live

Kerala

പാലക്കാടും തൃശൂരും ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും

പാലക്കാട് അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തൃശൂരില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്.

പാലക്കാടും തൃശൂരും ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കായി തിരച്ചില്‍  തുടരും

പാലക്കാടും തൃശൂരും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. പാലക്കാട് അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തൃശൂരില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്.

നെന്മാറ ആളുവാശേരിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 7 പേർ മരിച്ചിരുന്നു. ഇനിയും 3 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മണ്ണാർക്കാട് കരടിപാറയിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിലും ഇന്ന് നടക്കും. പാലക്കാട് ദുരിതാശ്വാസ ക്യാമ്പുകളിലായി 4451 പേർ കഴിയുന്നു. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസം നീക്കം ചെയ്യും.

മഴ തുടർന്നാൽ ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തും. പല സ്ഥലങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി.

തൃശൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ നാശം വിതച്ച് ശക്തമായ കാറ്റും വീശുന്നുണ്ട്. കൂറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. മഴക്കെടുതിയില്‍ മാത്രം ഇന്നലെ തൃശൂര്‍ ജില്ലയില്‍ മരിച്ചത് 20 പേരാണ്.

ചാലക്കുടി പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ടൌണ്‍ ഒറ്റപ്പെട്ട നിലയിലാണ്. പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞ് കവിഞ്ഞു. ജില്ലയില്‍ 286 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.