LiveTV

Live

Kerala

കോഴിക്കോട് പുഴ വഴിമാറി വീടുകള്‍ക്കുള്ളിലേക്ക്; ദുരന്തനിവാരണ സേനയെത്തി

ദേശീയ ദുരന്ത നിവാരണസേനയും സൈന്യവും ഇവിടെയെത്തി. റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കോഴിക്കോട് പുഴ വഴിമാറി വീടുകള്‍ക്കുള്ളിലേക്ക്; ദുരന്തനിവാരണ സേനയെത്തി

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. ഗതിമാറി ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന പുഴയെ പഴയ പടിയാക്കാനായി സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് ശ്രമം നടക്കുന്നത്. ഇതിനിടെ ഉരുള്‍പൊട്ടലുണ്ടായ മട്ടിമലയില്‍ വീണ്ടും ചെറിയ മണ്ണിടിച്ചിലുണ്ടായി.

ഉരുള്‍പൊട്ടിയ മട്ടിമലയില്‍ നിന്ന് വെള്ളം ഇപ്പോഴും കണ്ണപ്പന്‍കുണ്ടിലെ ജനവാസ കേന്ദ്രത്തിലേക്കാണ് ഒഴുകിയെത്തുന്നത്. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും തടികളും പാലത്തിനടിയില്‍ അടിഞ്ഞതോടെ പുഴ ഗതിമാറി. പാലത്തിനടയിലെ തടസം ഒഴിവാക്കാനായി ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ചുള്ള ശ്രമം തുടരുകയാണ്. ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.

ഉരുള്‍പൊട്ടിയ മട്ടിമലയില്‍ നിന്ന് ഇടക്കിടെ മണ്ണിടിച്ചില്‍ ഉണ്ടാകുന്നതും ആശങ്കയ്ക്കിടയാക്കുന്നു. പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൂടുതലാളുകളും ബന്ധുവീടുകളിലേക്കാണ് മാറിയത്.