LiveTV

Live

Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ജെ സി ഡാനിയേല്‍ പുരസ്‌കാരം മുഖ്യമന്ത്രി ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സും മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിയും ഏറ്റുവാങ്ങി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

നാല്‍പ്പത്തിയെട്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് അവാര്‍ഡ്ദാന ചടങ്ങ് ആരംഭിച്ചത്. കലാകാരന്മാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ സമൂഹത്തിന്റെ ജാഗരൂകമായ ഇടപെടല്‍ വേണമെന്ന് പുരസ്‌കാരം വിതരണം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമക്ക് നല്‍കിയ സംഭാവന കണക്കിലെടുത്ത് സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ പുരസ്‌കാരം മുഖ്യമന്ത്രി ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സും മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിയും ഏറ്റുവാങ്ങി.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവിനുമുള്ള അവാര്‍ഡ് രാഹുല്‍ റിജി നായര്‍ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും സമ്മാനിച്ചു. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ആദ്യമായി നേടിയ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്കും മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി. നിര്‍മാതാവ് മുരളി മാട്ടുമ്മല്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പുരസ്‌കാര ദാന ചടങ്ങിന് ശേഷം എം കെ അര്‍ജുനന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനയമുന എന്ന സംഗീത പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.