LiveTV

Live

Kerala

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പൊലീസുകാരെ പിരിച്ചുവിട്ടു

വധശിക്ഷ ലഭിച്ച എ.എസ്.ഐ ജിതകുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ, മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഡി.വൈ.എസ്.പി അജിത് കുമാർ എന്നിവര്‍ക്കെതിരെയാണ് നടപടി

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പൊലീസുകാരെ പിരിച്ചുവിട്ടു

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ പിരിച്ചു വിട്ടു. വധശിക്ഷ ലഭിച്ച എ.എസ്.ഐ ജിതകുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ, മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഡി.വൈ.എസ്.പി അജിത് കുമാർ എന്നിവര്‍ക്കെതിരെയാണ് നടപടി.

ആറു പൊലീസുകാരാണ് ഉദയകുമാർ ഉരുട്ടി കൊലക്കേസിലെ പ്രതികൾ. എ.എസ്.ഐ ജിതകുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റം തെളിയിക്കപ്പെട്ടു. നാലു മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ഗൂഡാലോചനാക്കുറ്റമാണ് തെളിഞ്ഞത്. മുൻ എസ്.പി ഇ.കെ സാബു, ടി.കെ ഹരിദാസ്, ഡി.വൈ.എസ്.പി അജിത്കുമാർ എന്നിവരായിരുന്നു മറ്റു പ്രതികൾ. മൂന്നാം പ്രതി കെ.വി സോമൻ വിചാരണക്കിടെ മരിച്ചിരുന്നു. സർവീസിൽ തുടരുന്ന മൂന്ന് പേരെയാണ് ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നത്. മറ്റ് രണ്ട് പേർ സർവീസിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നു. പിരിച്ചു വിട്ടത് സ്വാഭാവിക നടപടിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

2005 സെപ്തംബറിലാണ് ഉദയകുമാറിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉരുട്ടി കൊലപ്പെടുത്തുന്നത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പരാതിയിൽ വിവിധ അന്വഷണങ്ങൾക്കൊടുവിൽ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ഒടുവിൽ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.