LiveTV

Live

Kerala

വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകള്‍ക്ക് പ്രത്യേക സഹായങ്ങള്‍ പ്രഖ്യാപിച്ചു

മട പുനസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും, പ്രളയബാധിത മേഖലകളില്‍ ഉള്ളവരുടെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കും

വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകള്‍ക്ക് പ്രത്യേക സഹായങ്ങള്‍  പ്രഖ്യാപിച്ചു

വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകള്‍ക്ക് പ്രത്യേക സഹായങ്ങള്‍ മന്ത്രിസഭായോഗം പ്രഖ്യാപിച്ചു. മട പുനസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും, റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കുന്നതിനുള്ള ഫീസില്‍ ഇളവ് നല്‍കും, പ്രളയബാധിത മേഖലകളില്‍ ഉള്ളവരുടെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കും തുടങ്ങിയ തീരുമാനങ്ങളാണ് മന്ത്രിസഭായോഗം എടുത്തത്.

ആലപ്പുഴ, കോട്ടയം ജില്ലകളെ മുഴുവനായും പത്തനംതിട്ട ജില്ലയിലെ അഞ്ച് വില്ലേജുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെ 198 വില്ലേജുകളെയാണ് പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടനാട് പാക്കേജിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് സമഗ്രമായ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്തുന്നതിനും ഒരു സമഗ്ര ഫ്ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വെള്ളം കയറിയ വീടുകളിലെ തറകള്‍ കയര്‍ മാറ്റ് ഉപയോഗിച്ച് ഉപയോഗയോഗ്യമാക്കാനുള്ള നടപടി കയര്‍ വകുപ്പ് സ്വീകരിക്കും. ഉയരമില്ലാത്ത പാലങ്ങള്‍ ഉയര്‍ത്തി പണിയുന്നതിന് നടപടിയെടുക്കും. വെള്ളപ്പൊക്ക ബാധിതരായവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പൊതുമേഖല-സഹകരണ ബാങ്കുകള്‍ മുഖേന പുതിയ വായ്പ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ചെറുകിട വ്യാപാരികള്‍ക്കുവേണ്ടി കെ.എഫ്.സി മുഖേന പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാനും മന്ത്രിസഭ തീരുമാനിച്ചു.