LiveTV

Live

Kerala

കനത്ത മഴ തുടരുന്നു; കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, കക്കാടം പൊയിലില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. കല്‍പ്പറ്റ നഗരത്തില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും വെള്ളം കയറി. ബാണാസുര സാഗറിന്റെ നാലാമത്തെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്

കനത്ത മഴ തുടരുന്നു; കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, കക്കാടം പൊയിലില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ വ്യാപക ഉരുള്‍പ്പൊട്ടല്‍.ആലക്കോട് കാപ്പിമല,വഞ്ചിയം,മാട്ടറ,ആറളം തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍ പൊട്ടലുണ്ടായത്.മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിച്ചു. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ ഉച്ചയോടെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ആലക്കോട് കാപ്പിമല,ഇരിട്ടി മാട്ടറ,വഞ്ചിയം,ആറളം,ചെറുപുഴ,കാഞ്ഞരക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടി. ചീങ്കണ്ണി,ബാവലി,ചപ്പാരപ്പടവ് പുഴകള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ചപ്പാരപ്പടവ് ടൌണില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം നിലച്ചു. മലയോര ഹൈവെയുടെ വിവിധ ഭാഗങ്ങളും വെളളത്തിനടിയിലാണ്. കൊട്ടിയൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു .പന്നിയാംമലയിലെ ഇലവുംകുടി പൌലോസിന്റെ വീടാണ് തകര്‍ന്നത്. കാഞ്ഞിരക്കൊല്ലിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ രണ്ട് കുടുംബങ്ങളെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് പുറത്തെത്തിക്കുകയായിരുന്നു.

ചീങ്കണ്ണിപുഴ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വളയഞ്ചാല്‍ മുതല്‍ കരിയങ്കാപ്പ് വരെയുളള ആനമതില്‍ തകര്‍ന്നു .വാളുമുക്ക്,മുട്ടുമാറ്റി,നരിക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കറ് കണക്കിന് കൃഷിയിടങ്ങള്‍ വെളളത്തിനടിയിലാണ്.കൊട്ടിയൂര്‍ മാനന്തവാടി പാല്‍ച്ചുരത്തും ശാന്തിഗിരി പാലുകാച്ചി റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ജില്ലയിലെ ഉളിക്കല്‍,എരുവേശി,പയ്യാവൂര്‍ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാർഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കാർഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കും.

മട പുനസ്ഥാപിക്കാനാവശ്യമായ എല്ലാ ചെലവുകളും സര്‍ക്കാര്‍‌ വഹിക്കും. കുട്ടനാട് പാക്കേജ് സമഗ്രമായി നടപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. പാക്കേജിന്റെ കരട് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.