LiveTV

Live

Kerala

പന്തല്ലൂർ എസ്റ്റേറ്റിലെ 131 ഹെക്ടര്‍ ദേവസ്വം ഭൂമി മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി

പന്തല്ലൂര്‍ ക്ഷേത്ര ഭാരവാഹികളുടെ 15 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങളാണ് ഇതോടെ ഫലം കണ്ടത്

പന്തല്ലൂർ എസ്റ്റേറ്റിലെ 131 ഹെക്ടര്‍ ദേവസ്വം ഭൂമി മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി

പന്തല്ലൂർ എസ്റ്റേറ്റിലെ 131 ഹെക്ടര്‍ ദേവസ്വം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. പന്തല്ലൂര്‍ ക്ഷേത്ര ഭാരവാഹികളുടെ 15 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങളാണ് ഇതോടെ ഫലം കണ്ടത്. കൃഷി നടത്താനായി പാട്ടത്തിനെടുത്ത ദേവസ്വം ഭൂമിയില്‍ സ്വകാര്യ വ്യക്തി അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു.

60 വർഷം കൃഷി ചെയ്യാനെന്ന കരാറിലാണ് 1943ല്‍ കണ്ടത്തിൽ ചെറിയാന്‍ എന്നയാള്‍ പന്തല്ലൂര്‍ ദേവസ്വത്തിന്റെ 131 ഹെക്ടർ ഭൂമി കൈവശപ്പെടുത്തിയത്. 2013 ല്‍ ഭൂമി തിരികെ നല്‍കേണ്ടതായിരുന്നിട്ടും കൈവശക്കാര്‍ അതിന് തയ്യാറായില്ല. ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

2003 ല്‍ തന്നെ ഭൂമി തിരികെ ആവശ്യപ്പെട്ട് പന്തല്ലൂര്‍ ക്ഷേത്ര കമ്മിറ്റി നിയമനടപടികള്‍ ആരംഭിച്ചിരുന്നു. പെരിന്തല്‍മണ്ണ ആര്‍ഡിഒ കോടതിയിലും ഹൈക്കോടതിയിലും വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ നടത്തി. ഒടുവില്‍ ഭൂമി ഏറ്റെടുത്ത് ദേവസ്വത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പെരിന്തൽമണ്ണ ആർ.ഡി.ഒ അജീഷിന്റെ നേതൃത്വത്തിലുള്ള 45 അംഗ റവന്യൂ സംഘമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

രാവിലെ ഏഴിന് ആരംഭിച്ച നടപടികള്‍ വൈകുന്നേരം വരെ നീണ്ടു. ഭൂമിയുടെ പൂർണ നിയന്ത്രണവും അവകാശവും ഇനി മലബാര്‍ ദേവസ്വം ബോര്‍ഡിനായിരിക്കും. ദേവസ്വം ഭൂമി തിരികെ ലഭിക്കാന്‍ ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും നടത്തിയ സമരങ്ങള്‍ക്ക് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഭൂമി കൈവശം വെച്ചിരുന്നവരുടെ തീരുമാനം.