LiveTV

Live

Kerala

ബോട്ടില്‍ കപ്പലിടിച്ച് കാണാതായ 9 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ബോട്ടിൽ ഉണ്ടായിരുന്ന 9 പേർക്ക് വേണ്ടിയാണ് തെരച്ചിൽ. അപകടത്തിൽ 3 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ബോട്ടില്‍ കപ്പലിടിച്ച് കാണാതായ 9 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

കൊച്ചി പുറംകടലിൽ ബോട്ടിൽ കപ്പലിടിച്ച് കാണാതായ 9 മത്സ്യതൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. നാവികസേനയും കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. നാവിക സേനയുടെ ഡ്രോണിയർ വിമാനവും പുറംകടലിൽ തെരച്ചിൽ നടത്തുന്നുണ്ട്.

മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് മത്സ്യതൊഴിലാളികളെ രക്ഷിച്ചു. പക്ഷെ ഇനിയുള്ള 9 പേരെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. രാവിലെ തന്നെ രക്ഷാപ്രവർത്തനത്തിനായി മത്സ്യബന്ധന ബോട്ടുകൾ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം 11 മണിക്ക് മാത്രമാണ് തെരച്ചിൽ തുടങ്ങാനായത്. നേവിയുടെ കപ്പലും ഡ്രോണിയർ വിമാനവും ഫിഷറീസിന്റെ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.

അപകടസ്ഥലത്ത് 76 മീറ്ററോളം ആഴമുണ്ടെന്നാണ് കണക്കാക്കുന്നത്. മുങ്ങിപ്പോയ ബോട്ടിൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതർ. മുങ്ങൽ വിദഗ്ധർ അടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽ ചാൽ മാറ്റി നിശ്ചയിക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.

അപകടത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികൾ അപകടനില തരണം ചെയ്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുനമ്പത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.