LiveTV

Live

Kerala

പൗരത്വ കണക്കെടുപ്പിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനം; അസം പൊട്ടിത്തെറിയുടെ വക്കിലെന്ന് യുപി മുൻ ഐജി

പൊട്ടിത്തെറിക്കാറായ അഗ്നി പര്‍വതം പോലെയാണ് നിലവിലെ അസമിന്റെ അവസ്ഥയെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ തലവന്‍ കൂടിയായ ദാരാപുരി മീഡിയവണിനോട് പറഞ്ഞു.

പൗരത്വ കണക്കെടുപ്പിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനം; അസം പൊട്ടിത്തെറിയുടെ വക്കിലെന്ന് യുപി മുൻ ഐജി

പൗരത്വ കണക്കെടുപ്പിന്റെ പേരില്‍ അസമില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് യുപി പൊലീസ് മുന്‍ ഐജി എസ് ആര്‍ ദാരാപുരി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലയാളത്തിലാക്കുന്ന അസം വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പൊട്ടിത്തെറിക്കാറായ അഗ്നിപര്‍വതം പോലെയാണ് നിലവിലെ അസമിന്റെ അവസ്ഥയെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ തലവന്‍ കൂടിയായ ദാരാപുരി മീഡിയവണിനോട് പറഞ്ഞു.

ഡി വോട്ടര്‍ അഥവാ ഡൌട്ട്ഫുള്‍ വോട്ടര്‍ എന്ന സങ്കല്‍പം തന്നെ നിയമ വിരുദ്ധമാണെന്ന് പറ‍ഞ്ഞ് തുടങ്ങിയ എസ് ആര്‍ ദാരാപുരി, പൗരത്വ കണക്കെടുപ്പ് രാജ്യത്തെ പൌരന്‍മാരെ സംശയ നിഴലിലാക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. പൌരന്‍മാരുണ്ടാകാം, പൌരന്‍മാരല്ലാത്തവരുണ്ടാകാം. എന്നാല്‍ സംശയിക്കപ്പെടുന്ന പൌരന്‍ എന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കൊടിയ മനുഷ്യാവകാശ ലംഘനങ്ങളാണ് കണക്കെടുപ്പിന്റെ പേരില്‍ നടന്നത്. പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ 40 ലക്ഷം പേരുടെ ഇനിയുള്ള ജീവിതവും ചോദ്യചിഹ്നമാണ്. എന്ത് പേരിലാണ് ഇത്രയും പേരെ ജയിലിലടക്കുന്നത്?

മുസ്‌ലിംകളെയും ബംഗ്ല സംസാരിക്കുന്ന ദലിതുകളെയും അപരവല്‍കരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇവരെ ബംഗ്ലാദേശ് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുക. വരാന്‍പോകുന്ന അരാജകത്വങ്ങളുടെ അടയാളമാണ് മേഖലയില്‍ വിന്യസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാസേനയുടെ ആധിക്യമെന്നും എസ് ആര്‍ ദാരാപുരി വിശദമാക്കി.